ഒറ്റ ഡോസ് മതി; സ്ഫുട്‌നിക് 5 പുതിയ വേര്‍ഷന് അംഗീകാരം

സ്ഫുട്‌നിക് 5 ന് അംഗീകാരം നല്‍കിയ ഇന്ത്യ 1.5 ലക്ഷം ഡോസ് ഇറക്കുമതിയും ചെയ്തിരുന്നു

Update: 2021-05-07 05:07 GMT

റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്‌സിനായ സ്ഫുട്‌നിക് 5 ന്റെ പുതിയ പതിപ്പിന് റഷ്യന്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ഒറ്റ ഡോസ് നല്‍കിയാല്‍ മതി എന്നതാണ് ഇതിന്റെ നേട്ടം. സ്ഫുട്‌നിക് ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ 80 ശതമാനം വരെ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സ്ഫുട്‌നിക് അഞ്ചിന് 91.6 ശതമാനം വരെ അവകാശപ്പെടുന്നുണ്ട്.

കൂടുതല്‍ പേര്‍ക്ക് കുറഞ്ഞ സമയത്ത് വാക്‌സിന്‍ നല്‍കാമെന്നതിനാല്‍ കോവിഡിന്റെ വന്‍തോതിലുള്ള വ്യാപനത്തെ സ്ഫുട്‌നിക് ലൈറ്റ് ഉപയോഗിച്ച് തടഞ്ഞു നിര്‍ത്താനാവുമെന്നും കോവിഡ് മുക്തരായവരില്‍ കൂടുതല്‍ പ്രതിരോധ ശേഷി നല്‍കുമെന്നും ഗമലേയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്റ്റര്‍ അലക്‌സാണ്ടര്‍ ഗിന്‍സ്ബര്‍ഗ് പറയുന്നു. ഈ സ്ഥാപനമാണ് സ്ഫുട്‌നിക് കണ്ടെത്തിയത്. നിലവില്‍ സ്ഫുട്‌നിക് അഞ്ച് 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായാണ് നല്‍കി വരുന്നത്.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ എന്നിവയ്ക്ക് പുറമേ സ്ഫുട്‌നിക് 5 നും അനുമതി നല്‍കിയിരുന്നു.
ഇന്ത്യയില്‍ ട്രയല്‍സ് നടത്തുന്നതിനും ആദ്യ 10 കോടി ഡോസ് നല്‍കുന്നതിനും ഡോ റെഡ്ഡീസ് ലാബും ആര്‍ഡിഐഎഫും ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറിലെത്തിയിരുന്നു. പ്രതിവര്‍ഷം 85 കോടി ഡോസ് സ്ഫുട്‌നിക് 5 വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുക എന്നാണ് ആര്‍ഡിഐഎഫിന്റെ ലക്ഷ്യം.
മേയ് ഒന്നിന് 1.5 ലക്ഷം ഡോസ് സ്ഫുട്‌നിക് ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഉടനെ 1.5 ലക്ഷം കൂടി വിതരണത്തിനെത്തും. മാസാവസാനത്തോടെ 30 ലക്ഷം വാക്‌സിന്‍ കൂടി എത്തിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്.


Tags:    

Similar News