സീ ലയനം പൊളിഞ്ഞു, പരസ്യവരുമാനത്തിലും ലാഭത്തിലും ഇടിവ്; സോണിക്ക് പന്തിയല്ല കാര്യങ്ങള്‍

സോണി നെറ്റ്‌വര്‍ക്കിന് ഭീഷണിയാകുന്ന കൂട്ടുകെട്ടാണ് ഡിസ്‌നി ഹോട്ട്‌സ്റ്റാറും റിലയന്‍സും പടുത്തുയര്‍ത്തുന്നത്‌

Update:2024-10-07 15:26 IST
ഇന്ത്യന്‍ വിനോദ മാധ്യമരംഗത്തെ മുന്‍നിരക്കാരായ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക് ഇന്ത്യയ്ക്ക് 2024 സാമ്പത്തികവര്‍ഷം നേരിടേണ്ടി വന്നത് വലിയ തിരിച്ചടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ ഉണ്ടായത് 19 ശതമാനം ഇടിവാണ്. വരുമാനത്തില്‍ മൂന്ന് ശതമാനം കുറഞ്ഞതാണ് ലാഭത്തില്‍ പ്രതിഫലിച്ചത്. ആകെ വരുമാനം 6,912.02 കോടി രൂപയില്‍ നിന്ന് 2023-24 സാമ്പത്തികവര്‍ഷം 6,725.57 കോടിയായി കുറഞ്ഞു.

പരസ്യവരുമാനം ഇടിയുന്നു

പരസ്യത്തില്‍ നിന്നുള്ള വരുമാനം വലിയ തോതില്‍ കുറയുന്നതാണ് സോണി നെറ്റ്‌വര്‍ക്ക് നേരിടുന്ന പ്രതിസന്ധികളിലൊന്ന്. കഴിഞ്ഞ സാമ്പത്തികവര്‍ഷം പരസ്യവരുമാനം 2,824 കോടി രൂപയായിരുന്നു. തൊട്ടു മുന്‍ വര്‍ഷത്തെ 3,209 കോടിയില്‍ നിന്ന് വലിയ കുറവാണ് നേരിടേണ്ടി വന്നത്. അതേസമയം, സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം ഏഴു ശതമാനത്തോളം ഉയര്‍ന്ന് 3,206 കോടി രൂപയിലെത്തി. 2022-23 കാലത്ത് 2,989 കോടി രൂപയായിരുന്നു ഇത്.
സീ എന്റര്‍ടൈന്‍മെന്റുമായുള്ള ലയനവും അതിനു പിന്നാലെ വന്ന കേസുകളും സോണിക്ക് വലിയ സാമ്പത്തികബാധ്യത വരുത്തി വച്ചിരുന്നു. നിരന്തര കേസുകള്‍ക്കൊടുവില്‍ ഇരുകൂട്ടരും ഒത്തുതീര്‍പ്പിലെത്തി. ഒത്തുതീര്‍പ്പ് കരാറിന്റെ ഭാഗമായി, സിംഗപ്പുര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററിലും നാഷണല്‍ കമ്പനി ട്രൈബ്യൂണലിലും നല്‍കിയ എല്ലാ പരാതികളും പിന്‍വലിക്കാന്‍ ഇരു കമ്പനികളും തീരുമാനിച്ചിട്ടുണ്ട്.
ഈ വര്‍ഷം ജനുവരിയിലാണ് സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യ സീ എന്റര്‍ടൈന്‍മെന്റുമായുള്ള 1000 കോടി ഡോളറിന്റെ ലയന കരാര്‍ അവസാനിപ്പിച്ചത്. 2021 ഡിസംബറിലെ കരാറും റദ്ദാക്കി. ലയന കരാറിന്റെ നിബന്ധനകള്‍ സീ എന്റര്‍ടെയ്ന്‍മെന്റ് ലംഘിച്ചുവെന്നാരോപിച്ച് സോണി പ്രത്യേക ഫീസും സീ എന്റര്‍ടെയ്ന്റ്മന്റില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. ലയന വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സീ പരാജയപ്പെട്ടെന്നായിരുന്നു സോണിയുടെ പ്രധാന ആരോപണം.
ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ കമ്പനി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2021ല്‍ ഇരുകൂട്ടരും കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് അഭിപ്രായവ്യത്യാസം ഉടലെടുത്തതോടെ ലയനത്തില്‍ കല്ലുകടിയായി. സ്‌പോര്‍ട്‌സ്, കിഡ്‌സ്, എന്റര്‍ടൈന്‍മെന്റ് മേഖലകളിലായി 26 ചാനലുകള്‍ സോണി നെറ്റ്‌വര്‍ക്കിന് ഇന്ത്യയിലുണ്ട്.

വെല്ലുവിളിയായി റിലയന്‍സിന്റെ വരവ്

സോണി നെറ്റ്‌വര്‍ക്കിന് ഭീഷണിയാകുന്ന കൂട്ടുകെട്ടാണ് മറുവശത്ത് പിറക്കുന്നത്. ഡിസ്‌നി ഹോട്ട്‌സ്റ്റാറും റിലയന്‍സിന്റെ വയാകോം18നും ചേര്‍ന്ന് സംയുക്ത സംരംഭം വരുന്നത് സോണിക്ക് തിരിച്ചടിയാകും. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും സ്‌പോര്‍ട്‌സ് ഇവന്റുകളുടെ സംപ്രേക്ഷണ അവകാശത്തിലും റിലയന്‍സ് കൂട്ടുകെട്ടിന് വലിയ മേധാവിത്വമുണ്ട്. ഐ.പി.എല്‍ ക്രിക്കറ്റ്, ഐ.സി.സി ലോകകപ്പ്, പ്രധാനപ്പെട്ട മറ്റ് കായിക ഇനങ്ങള്‍ എന്നിവയെല്ലാം റിലയന്‍സ് സംയുക്ത സംരംഭത്തിന്റെ കൈവശമാണ്.
Tags:    

Similar News