ദക്ഷിണേന്ത്യയ്ക്ക് ലോട്ടറി; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമോ?
തിരുവനന്തപുരത്ത് തോറ്റെങ്കിലും രാജീവ് ചന്ദ്രശേഖറിനെ കൈവിട്ടേക്കില്ല
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിട്ടപ്പോള്‍ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വീണ്ടും വഴിയൊരുക്കിയത് ദക്ഷിണേന്ത്യയുടെ അപ്രതീക്ഷിത സഹായം. കര്‍ണാടകയും തെലങ്കാനയും ആന്ധ്രാപ്രദേശും കൈവിട്ടിരുന്നെങ്കില്‍ മോദി യുഗത്തിന് അന്ത്യമായേനെ. ദക്ഷിണേന്ത്യയിലേക്കുള്ള രാഷ്ട്രീയ പദ്ധതികള്‍ വിപുലപ്പെടുത്താന്‍ ജനവിധി ബി.ജെ.പിക്ക് ആത്മവിശ്വാസമേകും.
ഉത്തര്‍പ്രദേശും രാജസ്ഥാനും മഹാരാഷ്ട്രയും കേന്ദ്രമന്ത്രിസഭയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന പതിവിനും ഇത്തവണ മാറ്റമുണ്ടാകും. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി മന്ത്രിസ്ഥാനം ഉറപ്പിക്കുമ്പോള്‍ രണ്ടാമനായി രാജീവ് ചന്ദ്രശേഖറും പട്ടികയില്‍ ഇടംപിടിച്ചേക്കും. ഭരണമുറപ്പിച്ച ശേഷം ബി.ജെ.പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത മോദി തൃശൂരിലെ വിജയത്തെപ്പറ്റി എടുത്തു പറഞ്ഞിരുന്നു. മറ്റൊരു ബി.ജെ.പി എം.പിയെയും മോദി വ്യക്തിപരമായി പേരെടുത്ത് പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം
കേന്ദ്രമന്ത്രിസഭയിലേക്ക് വോട്ടെടുപ്പിലൂടെ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ വരുന്നത് കേരളത്തിന്റെ താല്പര്യത്തിനു ഗുണകരമാകും. കൂടുതല്‍ പദ്ധതികള്‍ സുരേഷ് ഗോപി വഴി കേരളത്തിന് നല്‍കുന്നതിലൂടെ സംസ്ഥാനത്തുടനീളം അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കാമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. തൃശൂരിലേക്ക് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവന്ന് മോഡല്‍ മണ്ഡലമെന്ന രീതിയില്‍ രാഷ്ട്രീയപരമായി ഉപയോഗിക്കാനാകും ബി.ജെ.പി ശ്രമിക്കുക.
കഴിഞ്ഞ തവണ കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായിരുന്ന വി. മുരളീധരന് ഇത്തവണ നറുക്കുവീഴാന്‍ ഇടയില്ല. രണ്ടാം മോദി സര്‍ക്കാരില്‍ അതിപ്രധാനമായ ഐ.ടി വകുപ്പ് കൈകാര്യം ചെയ്തിരുന്ന രാജീവ് ചന്ദ്രശേഖറിനെ തഴഞ്ഞേക്കില്ല. രണ്ടാം മോദി മന്ത്രിസഭയില്‍ നന്നായി തിളങ്ങിയ മന്ത്രിമാരിലൊരാളാണ് രാജീവ്. തിരുവനന്തപുരം മണ്ഡലത്തോടുള്ള ബി.ജെ.പിയുടെ താല്പര്യവും അദ്ദേഹത്തിന് തുണയാകും.
തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും കൂടുതല്‍ പ്രാതിനിധ്യം
പുതിയ സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള തെലുങ്കുദേശം പാര്‍ട്ടിയിലൂടെ ഒന്നിലേറെ സുപ്രധാന വകുപ്പുകള്‍ ആന്ധ്രാപ്രദേശിന് ലഭിക്കും. എട്ടു സീറ്റോടെ വലിയ കുതിപ്പു നടത്തിയ തെലങ്കാനയ്ക്കും ബി.ജെ.പി നേതൃത്വം കാര്യമായ പരിഗണ നല്‍കുമെന്നുറപ്പാണ്. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാന ബി.ജെ.പിയുടെ മിഷന്‍ സൗത്തില്‍ പ്രധാനപ്പെട്ടതാണ്.