ഓണം സ്പെഷ്യലായി കേരളത്തിന് അധിക ട്രെയിനുകള്‍, സമയവും സ്റ്റോപ്പുകളും അറിയാം
തിരക്കേറിയ അവധിക്കാല സീസണിൽ യാത്ര ഉറപ്പാക്കാനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാര്‍ ശ്രദ്ധിക്കണം
ഓണക്കാലത്ത് നാട്ടിലെത്താനുള്ള യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു.
പുതിയ സർവീസുകളിൽ വൺ-വേ സ്പെഷ്യല്‍, ആഴ്ചയില്‍ മൂന്ന് ദിവസമുളള ട്രെയിനുകൾ, ഉത്സവ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനുളള അധിക റൂട്ടുകൾ എന്നിവ ഉൾപ്പെടുന്നു.
അനുവദിച്ചിരിക്കുന്ന സ്പെഷ്യല്‍ ട്രെയിനുകള്‍ ഇവയാണ്
ചെന്നൈ എഗ്‌മോർ-കൊച്ചുവേളി പ്രത്യേക ട്രെയിൻ (ട്രെയിൻ നമ്പർ- 06160)
2024 സെപ്റ്റംബർ 13-ന് (വെള്ളി) ഉച്ചതിരിഞ്ഞ് 3.15ന് ചെന്നൈ എഗ്‌മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30 ന് കൊച്ചുവേളിയിൽ എത്തിച്ചേരുന്നതാണ്. ട്രെയിന്‍ ബുക്കിംഗിനുളള മുൻകൂർ റിസർവേഷനുകൾ ആരംഭിച്ചിട്ടുണ്ട്.
ചെന്നൈയ്ക്കും കണ്ണൂരിനും ഇടയിൽ യാത്ര ചെയ്യുന്നവർക്കായി രണ്ട് പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്.
ട്രെയിൻ നമ്പർ 06163 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നതാണ്. ട്രെയിന്‍ ശനിയാഴ്ച 23:50 ന് പുറപ്പെട്ട് അടുത്ത ദിവസം 13:30 ന് കണ്ണൂരിലെത്തും.
ട്രെയിൻ നമ്പർ 06164 കണ്ണൂരിൽ നിന്ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിലേക്ക് സര്‍വീസ് നടത്തും. ട്രെയിന്‍ തിങ്കളാഴ്ച 15:45 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07:55 ന് ചെന്നൈയിൽ എത്തിച്ചേരും. ഈ ട്രെയിനുകൾക്കുള്ള റിസർവേഷൻ ഉടൻ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആഴ്ചയില്‍ മൂന്നു ദിവസമുളള സ്‌പെഷ്യലുകള്‍
ഉത്സവ സീസണില്‍ അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്ത് താംബരത്തിനും രാമനാഥപുരത്തിനും ഇടയിൽ ആഴ്ചയില്‍ മൂന്നു ദിവസമുളളസ്പെഷ്യലുകള് ദക്ഷിണ റെയില്‍വേ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ട്രെയിൻ നമ്പർ 06103 താംബരത്തുനിന്ന് രാമനാഥപുരത്തേക്ക് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ സർവീസ് നടത്തും. ട്രെയിന്‍ 17:00 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം 05:55 ന് എത്തിച്ചേരുന്നതാണ്.
ട്രെയിൻ നമ്പർ 06104 രാമനാഥപുരത്ത് നിന്ന് താംബരത്തേക്ക് വെള്ളി, ഞായർ, തിങ്കൾ ദിവസങ്ങളിൽ 10:55 ന് പുറപ്പെട്ട് 23:10 ന് താംബരത്ത് എത്തിച്ചേരും. ഈ ട്രെയിനുകള്‍ക്കുളള റിസർവേഷൻ നിലവിൽ ആരംഭിച്ചിട്ടുണ്ട്.
78 അധിക സർവീസുകള്‍
ഡോ.എം.ജി.ആർ ചെന്നൈ സെൻട്രലിനും മംഗളൂരുവിനും ഇടയിൽ ഉത്സവ സീസണിലെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രെയിൻ നമ്പർ 06161 വെള്ളിയാഴ്ച ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് 15:10 മണിക്ക് പുറപ്പെടും. ട്രെയിന്‍ അടുത്ത ദിവസം 08:30 മണിക്ക് മംഗളൂരുവിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ 06162 മംഗലാപുരത്ത് നിന്ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിലേക്ക് സര്‍വീസ് നടത്തും. ഞായറാഴ്ച 18:45 ന് പുറപ്പെട്ട് തിങ്കളാഴ്ച 11:40 ന് ചെന്നൈയിൽ ട്രെയിന്‍ എത്തിച്ചേരും.
ഉത്സവ സീസണിന്റെയും അവധിക്കാലത്തിന്റെയും തിരക്ക് നിയന്ത്രിക്കുന്നതിനായി ദക്ഷിണ റെയിൽവേ 16 പ്രത്യേക ട്രെയിനുകളും 78 അധിക സർവീസുകളുമാണ് നടത്തുന്നത്. തിരക്കേറിയ അവധിക്കാല സീസണിൽ യാത്ര ഉറപ്പാക്കാനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.