കോവിഡ് ചികിത്സയില്‍ പുതിയ പ്രതീക്ഷ ; സ്പുട്നിക് 5 വാക്സിൻ ഇന്ത്യയിലേക്ക്

വാക്സിന്‍റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ കാൺപൂരിൽ

Update: 2020-11-16 08:18 GMT

റഷ്യൻ നിർമിത കോവിഡ് വാക്സിൻ ആയ സ്പുട്നിക് 5 ഇന്ത്യയിലേക്ക് എത്താന്‍ സജ്ജമെന്നും ആദ്യ ബാച്ച് കാൺപൂരിലെ വിദ്യാർത്ഥി മെഡിക്കൽ കോളേജിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍. അടുത്ത ആഴ്ചയോടെ വാക്സിന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടക്കുക. ഡോ. റെഡ്ഡീസ് ലാബിന് ഇന്ത്യയിൽ മരുന്ന് പരീക്ഷണം നടത്താൻ ഡ്രഗ് കൺട്രോളറുടെ അനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നതാണ്.

ഇതിനു പിന്നാലെയാണ് തീരുമാനമെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. അടുത്ത ആഴ്ച മുതൽ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിക്കുമെന്നാണ് കോളേജ് പ്രിൻസിപ്പൽ ആർബി കമൽ വ്യക്തമാക്കിയത്. രാജ്യത്ത് 180 വോളണ്ടിയര്‍മാരാണ് സ്പുട്നിക് 5 പരീക്ഷിക്കാന്‍ തയ്യാറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നൽകേണ്ട വാക്സിന്റെ അളവ് ഗവേഷണ വിഭാഗം മേധാവി സൗരഭ് അഗർവാളാണ് നിർണയിക്കുക.

21 ദിവസത്തെ ഇടവേളയിൽ രണ്ടോ മൂന്നോ തവണയാണ് മരുന്ന് നൽകുക. തുടർന്ന് ഏഴ് മാസത്തോളം വളന്റിയർമാരെ നിരീക്ഷിക്കും. മരുന്നിന്റെ ഫലങ്ങൾ ഒരു മാസത്തേക്ക് നിരീക്ഷിച്ച ശേഷം പരീക്ഷണത്തിന്റെ ഫലങ്ങൾ നിർണ്ണയിക്കുകയും ചെയ്യും. ഇതിനെല്ലാം ശേഷമായിരിക്കും നിഗമനത്തിലെത്തുക. 20-70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് മരുന്ന് സൂക്ഷിക്കുക.

ഇന്ത്യയിൽ മരുന്ന് പരീക്ഷണത്തിനൊപ്പം മരുന്നിന്റെ വിതരണം കൂടി നടത്തുകയാണ് റെഡ്ഡീസ് ലാബ് പദ്ധതിയിട്ടിട്ടുള്ളത്. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ആർ‌ഡി‌എഫ് ഇന്ത്യയിലെ റെഗുലേറ്ററി അംഗീകാരം ലഭിച്ച ശേഷം ഡോ. ​​റെഡ്ഡീസ് ലാബ് 100 ദശലക്ഷം ഡോസ് വാക്സിൻ നൽകും.

Tags:    

Similar News