റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ഫറന്‍സ് മാര്‍ച്ച് ഒന്നിന് തുടങ്ങും

Update: 2020-02-18 07:52 GMT

''സാങ്കേതികതയിലൂടെ ഇന്ത്യയുടെ ഗ്രാമങ്ങളെയും കാര്‍ഷിക മേഖലെയെയും ശക്തിപ്പെടുത്തുക''എന്ന പ്രേമേയം ആസ്പദമാക്കി ഇന്ത്യയിലെ അറിയപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഫൗണ്ടേഴ്‌സ് ടോക്ക്, ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരും, അക്കാദമിക് വിദഗ്ധരും, സ്റ്റാര്‍ട്ടപ്പ് സംരംഭകരും തമ്മിലുള്ള പാനല്‍ ഡിസ്‌കഷന്‍, നിക്ഷേപക-സംരംഭക സംഗമം എന്നിവ മാര്‍ച്ച് ഒന്നിന് നടക്കും. ആദ്യ ദിനം കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഡോ.സജി ഗോപിനാഥ്, ഫ്രഷ് ടു ഹോം എന്ന ഡെലിവറി സ്റ്റാര്‍ട്ടപ്പിലൂടെ ലോക ശ്രദ്ധ നേടിയ മാത്യൂസ്, ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ഗര്‍ഭിണികളായ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിന് വേണ്ടി സേവ് മോം എന്ന ഡിജിറ്റല്‍ സിസ്റ്റം വികസിപ്പിച്ചെടുത്ത സെന്തില്‍ കുമാര്‍, 10 സംസ്ഥാനങ്ങളിലായി ആയിരത്തിലധികം വറ്റി വരണ്ട കുഴല്‍ കിണറുകള്‍ റീചാര്‍ജ് ചെയ്ത് ശ്രദ്ധേയനായ എനര്‍ജി ഗ്ലോബ് വേള്‍ഡ് അവാര്‍ഡ് ജേതാവുമായ സിക്കന്ദര്‍ മീര നായിക്, തെങ്ങോലയില്‍ നിന്നും സ്‌ട്രോ നിര്‍മിച്ചു രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഡോ സജി വര്‍ഗീസ്, മാലിന്യത്തില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരഭം പടുത്തുയര്‍ത്തിയ ഗ്രീന്‍ വേര്‍മ്മസ് സഹ സ്ഥാപകന്‍ ജംഷീര്‍ എന്നിവര്‍ സംബന്ധിക്കും.

നിരവധി സോഷ്യല്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപകനും സ്റ്റാര്‍ട്ടപ്പ്് മെന്ററുമായ നാഗരാജ പ്രകാശം രണ്ടാം ദിനം സോഷ്യല്‍-അഗ്രി സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകളെ കുറിച്ച് സംസാരിക്കും. കാര്‍ഷിക മേഖലയിലെ നൂതന ടെക്‌നൊളജി, സംരംഭക സാധ്യതകള്‍, സംരഭം തുടങ്ങാന്‍ സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ നല്‍കുന്ന സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ എന്നിവയെ കുറിച്ച് ഇന്ത്യയിലെ വ്യത്യസ്ത സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്ന ''ഡ്രീം ബിഗ് കല്പ'' സെഷന്‍ രണ്ടാം ദിവസമാണ് നടക്കുക. കൂടാതെ സംരംഭം തുടങ്ങാനാവശ്യമായ നിയമ സഹായങ്ങളെ കുറിച്ചുള്ള ക്ലാസ് നിയമ വിദഗ്ധന്‍ ഹരികൃഷ്ണന്‍ സി.എ കൈകാര്യം ചെയ്യും.

ഫെബ്രവരി 29, മാര്‍ച്ച് ഒന്ന് തിയതികളില്‍ അഗ്രി ടെക് ഹാക്കത്തോണും, ഫെബ്രവരി 27 മുതല്‍ മാര്‍ച്ചു 3 വരെ അഗ്രി-സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോയും നടക്കും. സൗജന്യമാണ് പ്രവേശനം. വിവരങ്ങള്‍ക്ക്: ഫോണ്‍: +91 98473 44692. വെബ്‌സൈറ്റ്: https://startupmission.in/rural_business_conclave/. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് മാത്രമാണ് കോണ്‍ഫെറെന്‍സില്‍ പങ്കെടുക്കാനുള്ള അവസരം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News