കേരളത്തില്‍ പ്രത്യേക നിക്ഷേപ മേഖലക്കായി പുതിയ നിയമം, ലൈസന്‍സ് ഉള്‍പ്പെടെ എല്ലാ അനുമതികളും ഇനി എളുപ്പത്തില്‍
ലൈസന്‍സ് ഉള്‍പ്പെടെ എല്ലാ അനുമതിയും സംസ്ഥാന, മേഖലാതല ബോര്‍ഡുകള്‍ തരും
സംസ്ഥാനത്ത് വന്‍കിട സംരംഭങ്ങള്‍ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിക്ഷേപ മേഖലകള്‍ (സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് റീജിയന്‍-എസ്.ഐ.ആര്‍) സ്ഥാപിക്കാനുള്ള നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍. പ്രത്യേക നിക്ഷേപ മേഖലകള്‍ സ്ഥാപിക്കുന്നത്, അവയുടെ ദൈനംദിന പ്രവര്‍ത്തനം, നിയന്ത്രണം എന്നിവ വിശദീകരിക്കുന്നതായിരിക്കും പുതിയ നിയമം. സംസ്ഥാന, മേഖലാ തലങ്ങളില്‍ രൂപീകരിക്കപ്പെടുന്ന വിപുലമായ അധികാരങ്ങളുള്ള ബോര്‍ഡിനായിരിക്കും ഇവയുടെ നിയന്ത്രണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിക്ക് പുറത്താണ് ഇത്തരം മേഖലകള്‍ സ്ഥാപിക്കുന്നതെന്നും കരട് ബില്ലില്‍ പറയുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തരത്തില്‍ ബില്ലുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യവസായ വകുപ്പ് തയ്യാറാക്കിയ ബില്‍ ധന, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പരിശോധനക്ക് ശേഷം അധികം വൈകാതെ മന്ത്രിസഭയുടെ പരിഗണനക്കെത്തുമെന്നാണ് വിവരം.
ലൈസന്‍സ് ഉള്‍പ്പെടെ എല്ലാ അനുമതിയും ബോര്‍ഡ് തരും
സംരംഭങ്ങള്‍ തുടങ്ങുന്നതിന് വിവിധ വകുപ്പുകളില്‍ നിന്ന് അനുമതി വാങ്ങുന്ന ഏര്‍പ്പാട് പ്രത്യേക നിക്ഷേപ മേഖലകളില്‍ ഉണ്ടാകില്ല. പകരം സംസ്ഥാന, മേഖലാതലത്തില്‍ രൂപീകരിക്കപ്പെടുന്ന ബോര്‍ഡുകള്‍ തന്നെ അനുമതി നല്‍കുന്ന തരത്തിലായിരിക്കും പുതിയ നിയമം. ഭരണവും ആസൂത്രണവും ബോര്‍ഡുകളുടെ ചുമതലയാണ്. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതും ബോര്‍ഡിന്റെ ചുമതലയാണ്. മുഖ്യമന്ത്രിയായിരിക്കും സംസ്ഥാന ബോര്‍ഡിന്റെ അധ്യക്ഷന്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ചയാള്‍ വൈസ് ചെയര്‍പേഴ്‌സണാകും. നിക്ഷേപ മേഖലയിലെ എം.എല്‍.എ, എം.പി, മറ്റ് ജനപ്രതിനിധികള്‍, വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ എന്നിവരും ബോര്‍ഡില്‍ അംഗങ്ങളാകും.
ലാന്‍ഡ് പൂളിംഗിനും നിയമം വരും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള അനുബന്ധ വ്യവസായങ്ങള്‍ക്കായി തെക്കന്‍ കേരളത്തില്‍ വലിയ തോതില്‍ ഭൂമി ആവശ്യമുണ്ട്. വലിയ പ്രോജക്ടുകള്‍ക്കായി ഭൂമി ആവശ്യപ്പെട്ടുള്ള നൂറിലധികം അപേക്ഷകളാണ് നിലവില്‍ വ്യവസായ വകുപ്പിന് മുന്നിലുള്ളത്. വിഴിഞ്ഞത്ത് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കിന്‍ഫ്രക്ക് 250 ഏക്കറെങ്കിലും വേണം. എന്നാല്‍ ആരും ഭൂമി വിട്ടുനല്‍കാന്‍ തയ്യാറല്ലാത്തതിനാല്‍ ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളിയാണ്. ഇത് മറികടക്കാനാണ് ലാന്‍ഡ് പൂളിംഗ് എന്ന ആശയം നടപ്പിലാക്കിയത്.
സര്‍ക്കാരിനും ഭൂവുടമക്കും ഗുണമുണ്ടാകുന്ന തരത്തില്‍ ഉടമയുടെ പൂര്‍ണ സമ്മതത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുന്നതിനെയാണ് ലാന്‍ഡ് പൂളിംഗ് എന്ന് വിളിക്കുന്നത്. ഇതനുസരിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം പൂര്‍ണമായും സര്‍ക്കാരിലേക്ക് കൈമാറാതെ വികസന സംരംഭങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ കഴിയും. ലാഭവിഹിതത്തില്‍ നിന്നും നിശ്ചിത ശതമാനം ഉടമക്ക് ലഭിക്കുകയും ചെയ്യും. ഇന്ത്യയില്‍ ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ ലാന്‍ഡ് പൂളിംഗ് നടക്കുന്നുണ്ട്. ലാന്‍ഡ് പൂളിംഗ് വഴിയുള്ള ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച ചട്ടങ്ങളും ബില്ലിലുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.