82,000 കടന്നു കുതിച്ച് സെന്‍സെക്‌സ്, റിലയന്‍സ് മീഡിയ ഓഹരികള്‍ക്ക് ഉയര്‍ച്ച; രൂപയ്ക്കും നേട്ടം
മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, ഓയില്‍-ഗ്യാസ് മേഖലകള്‍ രാവിലെ താഴ്ചയിലാണ്
താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി പിന്നീടു ചാഞ്ചാട്ടത്തിനു ശേഷം കയറ്റത്തിലേക്കു മാറി. നിഫ്റ്റി 25,100നു മുകളിലേക്കു കുതിച്ചു. സെന്‍സെക്‌സ് 82,000നു മുകളില്‍ എത്തി.
മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, ഓയില്‍-ഗ്യാസ് മേഖലകള്‍ രാവിലെ താഴ്ചയിലാണ്. ബാങ്കുകളും ധനകാര്യ കമ്പനികളും മീഡിയയും നേട്ടത്തിനു മുന്നിലാണ്.
ഡിസ്‌നിയുമായുള്ള സഖ്യത്തിന് അംഗീകാരമായത് റിലയന്‍സ് ഓഹരിയെ 3,010 രൂപ വരെ ഉയര്‍ത്തിയെങ്കിലും പിന്നീട് കുറേ സമയം ഓഹരി നഷ്ടത്തിലായി. അതിനു ശേഷം ഉയര്‍ന്നു. റിലയന്‍സിന്റെ മീഡിയ കമ്പനികളായ ടിവി 18 ബ്രോഡ്കാസ്റ്റും നെറ്റ്‌വര്‍ക്ക് 18 മീഡിയയും 11 ശതമാനത്തോളം ഉയര്‍ന്നു.
സൊനാറ്റ സോഫ്റ്റ്‌വെയര്‍ ഐ.ടി ഔട്ട്‌സോഴ്‌സിംഗിനു കരാറില്‍ ഏര്‍പ്പെട്ടതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എട്ടു ശതമാനത്തോളം ഉയര്‍ന്നു. വലിയ പവര്‍ പ്രോജക്ട് കരാര്‍ ലഭിച്ചത് ജെനുസ് പവറിനെ അഞ്ചു ശതമാനം ഉയര്‍ത്തി.
രൂപ രാവിലെ നേട്ടം ഉണ്ടാക്കി. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.92 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.88 രൂപയായി ഡോളര്‍ സൂചിക താഴ്ന്നതാണു കാരണം.
സ്വര്‍ണം ലോക വിപണിയില്‍ 2,515 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 53,720 രൂപയില്‍ തുടര്‍ന്നു. ക്രൂഡ് ഓയില്‍ അല്‍പം ഉയര്‍ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം 78.74 ഡോളറിലേക്കു കയറി.