ഓണത്തിന് വന്‍ മുന്നൊരുക്കങ്ങളുമായി സപ്ലൈകോ; സബ്സിഡി ഇതര ഉൽപ്പന്നങ്ങളും ഓഫറുകളില്‍ ലഭ്യമാക്കും
ചന്തകളില്‍ കുടുംബശ്രീ, മിൽമ, ഹോർട്ടികോർപ് ഉൽപ്പന്നങ്ങൾ ഉണ്ടാകും; ആരംഭിക്കുക 92 ഓണ ചന്തകള്‍
ഓണക്കാലത്ത് വിലക്കുറവിൽ അവശ്യ സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള തയ്യാറെടുപ്പിലാണ് അധികൃതര്‍. സപ്ലൈകോ 92 ഓണ ചന്തകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സെപ്റ്റംബർ അഞ്ചുമുതല്‍ ഓണ ചന്തകൾ ആരംഭിക്കും.
ഓണ ചന്തകള്‍ ഉത്രാടം വരെ
സപ്ലൈകോ 13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ് തുടങ്ങുക. സംസ്ഥാന വിപണന മേള തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംഘടിപ്പിക്കുന്നത്. ഉത്രാട ദിനം വരെ ചന്തകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാവുന്നതാണ്.
എല്ലാ ചന്തകളിലും കുടുംബശ്രീ, മിൽമ, ഹോർട്ടികോർപ് ഉൽപ്പന്നങ്ങൾ ഉണ്ടാകും. സബ്സിഡിയിൽ ലഭിക്കുന്ന സാധനങ്ങൾ കൂടാതെ സബ്സിഡി ഇതര ഉൽപ്പന്നങ്ങള്‍ ഓഫറുകളില്‍ മേളയില്‍ ലഭ്യമാക്കുന്നുണ്ട്.
താലൂക്കുകളിൽ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ചന്തകളായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. കുറുവ അരി, കടല, തുവര, വെളിച്ചെണ്ണ എന്നിവയുടെ ലഭ്യത ചന്തകളില്‍ വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. 13 ഇനം സബ്സിഡി സാധനങ്ങള്‍ അടക്കം എല്ലാ ഉല്‍പ്പന്നങ്ങളും മേളയില്‍ ലഭ്യമാക്കാനുളള തീവ്രശ്രമത്തിലാണ് സപ്ലൈകോ അധികൃതര്‍. സ്റ്റോറുകളില്‍ കുറച്ചു നാളുകളായി ഇല്ലാതിരുന്ന പഞ്ചസാര ഓണ ചന്തകളില്‍ എത്തിക്കാനുളള ശ്രമങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പരിശോധന കര്‍ശനമാക്കും
ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറി ഉൽപ്പന്നങ്ങള്‍ തുടങ്ങിയവയുടെ വില നിയന്ത്രിക്കുന്നതിന് കർശനമായി വിപണിയില്‍ ഇടപെടുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചിരുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പരിശോധന ശക്തമാക്കുന്നതാണ്.
കളക്ടർമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർമാർ, എ.ഡി.എം, ആർ.ഡി.ഒ, അസിസ്റ്റന്റ് കളക്ടർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധനകൾ നടത്തുക. റവന്യു, പോലീസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധനയ്ക്ക് ജില്ലാടിസ്ഥാനത്തില്‍ സംയുക്ത സ്‌ക്വാഡുകള്‍ ഉണ്ടാകും.
ഓണക്കിറ്റുകള്‍
ആറുലക്ഷത്തോളം ഓണക്കിറ്റുകളാണ് ഇത്തവണ സൗജന്യമായി വതിരണം ചെയ്യുന്നത്. മഞ്ഞകാർഡുകാർക്കും അനാഥാലയങ്ങൾ, വയോജനകേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്കുമാണ് ഓണക്കിറ്റുകൾ നല്‍കുക. കിറ്റ് വിതരണത്തിനായി 35 കോടി രൂപയാണ് ആവശ്യമുളളത്.