ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ അപൂര്‍ണം; നമ്പര്‍ എവിടെയെന്ന് കോടതി? എസ്.ബി.ഐക്ക് വീണ്ടും നോട്ടീസ്

ഏറ്റവുമധികം പണം കൈപ്പറ്റി ബി.ജെ.പി; കോണ്‍ഗ്രസിനെ മറികടന്ന് തൃണമൂല്‍, കൂടുതല്‍ സംഭാവന നല്‍കിയത് ഇ.ഡി അന്വേഷണം നേരിടുന്ന 'ലോട്ടറി രാജാവിന്റെ' കമ്പനി

Update:2024-03-15 13:08 IST

Image : SBI, SC and Canva

തിരഞ്ഞെടുപ്പ് ബോണ്ട് അഥവാ ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച് എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ വിവരങ്ങള്‍ അപൂര്‍ണമെന്ന് സുപ്രീംകോടതി. ബോണ്ട് ആര് ആര്‍ക്കാണ് നല്‍കിയതെന്ന് വ്യക്തമാകുന്ന യുണീക് ആല്‍ഫാന്യൂമറിക് നമ്പറുകള്‍ എവിടെയെന്ന് വിഷയത്തില്‍ ഇന്ന് വാദം കേട്ട കോടതി ചോദിച്ചു.
ബോണ്ട് വാങ്ങിയ കമ്പനികള്‍, വ്യക്തികള്‍, വാങ്ങിയ തീയതി, ബോണ്ടുകള്‍ പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ പേര് വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് എസ്.ബി.ഐ കൈമാറിയതും ഇന്നലെ കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതും. എന്നാല്‍, തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറാന്‍ നിര്‍ദേശിച്ചിട്ടും ബോണ്ട് നമ്പറുകള്‍ എസ്.ബി.ഐ കൊടുത്തിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കബില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
ഇതോടെ, എസ്.ബി.ഐക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തുനിഞ്ഞു. എന്നാല്‍, ബാങ്കിന്റെ വാദം കേട്ടശേഷമേ തീരുമാനമെടുക്കാവൂ എന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 18ന് (തിങ്കള്‍) മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്.ബി.ഐക്ക് കോടതി നോട്ടീസും അയച്ചു.
ബി.ജെ.പിക്ക് 6,601 കോടി, കോണ്‍ഗ്രസിനെയും മറികടന്ന് തൃണമൂല്‍
എസ്.ബി.ഐയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇന്നലെയാണ് രണ്ട് പി.ഡി.എഫ് പേജുകളായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഒന്ന് എസ്.ബി.ഐയില്‍ നിന്ന് ബോണ്ട് വാങ്ങിയ കമ്പനികളുടെയും വ്യക്തികളുടെയും വിവരങ്ങളും വാങ്ങിയ തീയതിയും രണ്ടാമത്തേത് ബോണ്ട് പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങളുമാണ്.
റിപ്പോര്‍ട്ട് പ്രകാരം ഏറ്റവുമധികം തുക ബോണ്ടുവഴി കൈപ്പറ്റിയത് കേന്ദ്രത്തിലും 15ലധികം സംസ്ഥാനങ്ങളിലും ഭരണത്തിലുള്ള ബി.ജെ.പിയാണ് - 6,060 കോടി രൂപ. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ പണം സ്വന്തമാക്കിയത് ബംഗാളില്‍ മാത്രം അധികാരത്തിലുള്ള പ്രാദേശിക പാര്‍ട്ടിയായ തൃണൂമൂല്‍ കോണ്‍ഗ്രസ് ആണെന്ന പ്രത്യേകതയുമുണ്ട്.
തൃണമൂല്‍ 1,609 കോടി രൂപ നേടിയപ്പോള്‍ കോണ്‍ഗ്രസ് പണമാക്കി മാറ്റിയത് 1,421 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ടുകളാണ്.
തെലങ്കാനയിലെ ബി.ആര്‍.എസ് 1,214 കോടി രൂപയും നേടി. ഒഡീഷയിലെ ബി.ജെ.ഡി 775 കോടി രൂപ, തമിഴ്‌നാട് ഭരിക്കുന്ന ഡി.എം.കെ 639 കോടി രൂപ, ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 337 കോടി രൂപ എന്നിങ്ങനെയും നേടി.
ടി.ഡി.പി 218 കോടി രൂപ, ശിവസേന 159 കോടി രൂപ, ആര്‍.ജെ.ഡി 72 കോടി രൂപ എന്നിങ്ങനെയും നേടിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ലോട്ടറി ഭീമന്റെ വമ്പന്‍ സംഭാവന
ലോട്ടറിത്തട്ടിപ്പ് ഉള്‍പ്പെടെ വിഷയങ്ങള്‍ അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസാണ് ഏറ്റവുമധികം തുക സംഭാവന നല്‍കിയതെന്നത് (1,368 കോടി രൂപ) തിരഞ്ഞെടുപ്പ് ബോണ്ടിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിരവധി നിര്‍മ്മാണ പ്രവര്‍ത്തന കരാര്‍ നേടിയിട്ടുള്ള മേഘ എന്‍ജിനിയറിംഗാണ് തുകയില്‍ രണ്ടാമതുള്ളത് - 980 കോടി രൂപ.

'ലോട്ടറി രാജാവ്' എന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ കോയമ്പത്തൂര്‍ ആസ്ഥാനമായ ഫ്യൂച്ചര്‍ ഗെയിമിംഗിന് റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, ടെക്‌സ്റ്റൈല്‍സ് മേഖലകളിലും സാന്നിദ്ധ്യമുണ്ട്. ലോട്ടറി തട്ടിപ്പിന്റെയും വിദേശനാണ്യ വിനിമയച്ചട്ട (FEMA) ലംഘനങ്ങളുടെയും പേരില്‍ ഇ.ഡി അന്വേഷണം നേരിടുകയാണ് മാര്‍ട്ടിന്‍.

വെളിപ്പെടുത്തലില്‍ കാര്യമില്ല!
തിരഞ്ഞെടുപ്പ് ബോണ്ടുവഴി ആരില്‍ നിന്ന് ആര് പണം കൈപ്പറ്റിയെന്ന് എസ്.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലില്ല. അതായത് ബോണ്ടുവഴി കമ്പനികളും വ്യക്തികളും ഏത് പാര്‍ട്ടിക്കാണ് പണം നല്‍കിയതെന്ന് നിലവില്‍ അറിയാനാവില്ല. അതുകൊണ്ട് തന്നെ എസ്.ബി.ഐ ഇപ്പോള്‍ പുറത്തുവിട്ട വിവരങ്ങള്‍ക്ക് പ്രസക്തിയുമില്ല. എന്നാല്‍, കേസില്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതുപോലെ ബോണ്ട് നമ്പര്‍ വെളിപ്പെടുത്തിയാല്‍ ആര് ആര്‍ക്ക് പണം നല്‍കിയെന്ന് വ്യക്തമായേക്കും.
ഇത്തരത്തില്‍ നമ്പര്‍ വ്യക്തമാക്കുന്ന 'മാച്ചിംഗ്' തയ്യാറാക്കാന്‍ ജൂണ്‍ 30 വരെ സാവകാശം വേണമെന്ന് എസ്.ബി.ഐ നേരത്തേ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മാച്ചിംഗ് നടത്താന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് കാട്ടി കോടതി ആവശ്യം തള്ളിയിരുന്നു.
Tags:    

Similar News