വില പെരുപ്പിച്ചുകാട്ടി കൽക്കരി വിൽപ്പന; അദാനി ഗ്രൂപ്പിനെതിരെ അന്വേഷണവുമായി തമിഴ്നാട് സര്‍ക്കാര്‍
ആരോപണം ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്റ് അന്റി കറപ്ഷന്‍ അന്വേഷിക്കും
പൊതുമേഖല സ്ഥാപനമായ തമിഴ്‌നാട് ജനറേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയ്ക്കായി അദാനി ഗ്രൂപ്പ് കല്‍ക്കരി ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നുവെന്ന ആരോപണം ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്റ് ആൻ്റി കറപ്ഷനാണ് അന്വേഷിക്കുക. 2012 മുതല്‍ 2016 വരെ അദാനി ഗ്രൂപ്പ് കല്‍ക്കരി വിറ്റതില്‍ ഏകദേശം 6,066 കോടിയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായതായാണ് ആരോപണം.
അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച അരാപോര്‍ ഇയക്കം എന്ന സംഘടന നല്‍കിയ പരാതിയിലാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ ഇത് സംബന്ധിച്ച് അരാപോര്‍ ഇയക്കം സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സ് കേസെടുത്തില്ലെന്നും ആരോപണമുണ്ട്.
തുടര്‍ന്ന് സംഘടന മുഖ്യമന്ത്രി എംകെ സ്റ്റാലിന് നേരിട്ട് പരാതി സമര്‍പ്പിക്കുക ആയിരുന്നു. അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കനത്ത നഷ്ടം വരുത്തി എന്നാണ് പരാതിയുളളത്. ഉയര്‍ന്ന വിലയ്ക്ക് അദാനി ഗ്രൂപ്പ് കല്‍ക്കരി വിറ്റഴിച്ചതോടെ തമിഴ്നാടിന് കോടികളുടെ നഷ്ടമുണ്ടായതായാണ് പരാതി ഉയര്‍ന്നത്.