ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം കേരളത്തിന് തൊട്ടടുത്ത് വരുന്നു; മോദിയുടെ റെക്കോഡ് തകരും
കേരളത്തില്‍ നിന്നുള്ള അകലം വെറും 35 കിലോമീറ്റര്‍
ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി തമിഴ്നാട് സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം പണിയാനാണ് സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നത്. മലയാളികള്‍ക്കും സന്തോഷം പകരുന്നതാണ് പുതിയ വാര്‍ത്ത. കാരണം, സ്റ്റേഡിയം വരുന്നത് കോയമ്പത്തൂരിലാണ്. കേരളത്തില്‍ നിന്ന് വളരെ അടുത്താണെന്നത് തന്നെ കാരണം.
പുതിയ സ്റ്റേഡിയം സംബന്ധിച്ച പ്രഖ്യാപനം തമിഴ്നാട് വ്യവസായ മന്ത്രി ഡോ. ടി.ആര്.ബി രാജയാണ് നടത്തിയത്. കോയമ്പത്തൂരില്‍ പുതിയ സ്റ്റേഡിയം വരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയുള്ള ഒന്ഡിപുഡൂര് മേഖലയിലാണ് സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കേരള അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
മലയാളികള്‍ക്കും സന്തോഷം
കൊച്ചി-സേലം എന്‍.എച്ച് 544നോട് ചേര്‍ന്നാണ് ഈ സ്ഥലം. തമിഴ്നാട് പ്രിസണ്‍സ് ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ ഇവിടെ 200 ഏക്കറുണ്ട്. ഇതില്‍ 198 ഏക്കര്‍ ഏറ്റെടുത്താകും നിര്‍മാണം. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, ബ്രോഡ്കാസ്റ്റിംഗ് സെന്റര്‍, ക്രിക്കറ്റ് മ്യൂസിയം എന്നിവയും നിര്‍മിക്കും. തമിഴ്നാട് സ്പോര്‍ട്സ് ഡെവലപ്മെന്റ് അതോറിറ്റിയാകും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കൊപ്പം ഐ.പി.എല്ലിനും പുതിയ സ്റ്റേഡിയം വേദിയാകും. കേരളത്തിന് ടീമില്ലാത്തതിനാല്‍ ബെംഗളൂരുവിലോ ചെന്നൈയിലോ പോകണമായിരുന്നു മലയാളികള്‍ക്ക് ഐ.പി.എല്‍ കാണാന്‍. കോയമ്പത്തൂര്‍ സ്റ്റേഡിയം വരുന്നതോടെ ഐ.പി.എല്‍ കാണുകയെന്നത് ചെലവ് കുറഞ്ഞ കാര്യമായി മാറും മലയാളികള്‍ക്ക്.
മോദി സ്റ്റേഡിയത്തെ പിന്തള്ളും
ഇന്ത്യയിലെ വലിയ സ്റ്റേഡിയമെന്ന റെക്കോഡ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനാണ്. സബര്‍മതി നദിയുടെ തീരത്ത് 63 ഏക്കറിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്പോര്‍ട്സ് എന്‍ക്ലേവിന്റെ ഭാഗമാണ് നരേന്ദ്ര മോദി സ്റ്റേഡിയം. അഹമ്മദാബാദിലെ നവരംഗപുരി മുനിസിപ്പല്‍ സ്റ്റേഡിയം നവീകരിച്ച് 1983ല്‍ മൊട്ടേരയിലെ ഗുജറാത്ത് സ്റ്റേഡിയം നിര്‍മിച്ചു.
പിന്നീട് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്ന് പേരു മാറ്റി. ഇത് ഇടിച്ചുനിരത്തി 2020ല്‍ പുതുതായി നിര്‍മിച്ചതാണ് നരേന്ദ്ര മോദി സ്റ്റേഡിയം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഇത് തന്നെയാണ്. 1,32,000 കാണികളെ ഉള്‍ക്കൊള്ളാം. 1,00,024 സീറ്റുകളുള്ള ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് രണ്ടാം സ്ഥാനത്ത്.