ടി.സി.എസിന് തിരിച്ചടി, ഓക്‌സ്‌ഫോഡ് സര്‍വകലാശാല പ്രവേശന ടെസ്റ്റ് നടത്തിപ്പില്‍ നിന്ന് ഒഴിവാക്കി

സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടതില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു

Update: 2024-01-23 16:44 GMT

ആഗോള ഇന്ത്യന്‍ ഐ.ടി വമ്പനായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (TCS) തിരിച്ചടി. ഓക്‌സ്‌ഫോഡ് സര്‍വകലാശാല ടി.സി.എസിനെ പ്രവേശന പരീക്ഷകളുടെ നടത്തിപ്പില്‍ നിന്ന് ഒഴിവാക്കിയതായി ലൈവ് മിന്റ് ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ഓക്‌സ്‌ഫോഡ് സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ക്ക്  കേംബ്രിഡ്ജ് അഡ്മിഷന്‍സ് അസെസ്‌മെന്റ് ടെസ്റ്റിന് പകരമായിട്ടാണ് 2023 ഏപ്രില്‍ മുതല്‍ ടി.സി.എസ് ഐയോണ്‍ (TCS iON) എന്ന അസെസ്‌മെന്റ് സംവിധാനം പ്രവേശന പരീക്ഷ നടത്തിപ്പിന് ഉപയോഗിച്ച് തുടങ്ങിയത്.

ഉദ്യോഗാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, ടെസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ടി.സി.എസിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് ഓക്‌സ്‌ഫോഡ് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ തുടര്‍ന്നുള്ള പ്രവേശന പരീക്ഷകളുടെ നടത്തിപ്പില്‍ ടി.സി.എസ് പങ്കാളിത്തം ഉണ്ടാവില്ല.

ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുടെ കീഴില്‍ 30 കോളേജുകള്‍ ഉണ്ട്. എല്ലാ വര്‍ഷവും ആയിരകണക്കിന് പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രവേശന പരീക്ഷ എഴുതുന്നത്. ടി.സി.എസ് മൂന്നാം പാദ ഫലങ്ങള്‍ ജനുവരി 11ന് പുറത്തുവിട്ടു. വരുമാനം 4ശതമാനം വര്‍ധിച്ച് 60,583 കോടി രൂപയായി. അറ്റ വരുമാനം 8.2 ശതമാനം വര്‍ധിച്ച് 11,735 കോടി രൂപയായി. ഓഹരി വില ജനുവരി 15ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. തുടര്‍ന്നു 100 രൂപയില്‍ അധികം താഴ്ന്നിട്ടുണ്ട്.

Tags:    

Similar News