പത്താം ദിവസവും ഇന്ധന വില കൂടി, ഇതുവരെ കൂടിയത് അഞ്ച് രൂപയോളം; എങ്കില്‍ പിന്നെ ഒറ്റയടിക്ക് കൂട്ടിക്കൂടെയെന്ന് ജനം!

Update: 2020-06-16 09:40 GMT

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തുടര്‍ച്ചയായ പത്താം ദിനവും ഇന്ധനവില കൂട്ടി. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ചൊവ്വാഴ്ച രാവിലെ കൂട്ടിയത്. ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5 രൂപ 48 പൈസയും ഡീസലിന് 5 രൂപ 51 പൈസയുമാണ് വര്‍ധിപ്പിച്ചത്. കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങളുടെ നടുവൊടിക്കുന്നതാണ് ഈ ഇന്ധന വില വര്‍ധനവ് എന്നാണ് പൊതുജനാഭിപ്രായം. സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ളുള്‍പ്പെടെ ഇ്ധന വിലയ്‌ക്കെതിരെ പ്രതികരിക്കുന്നവരും നിരവധി.

ലോക്ഡൗണ്‍ തുടങ്ങി 84 ദിവസത്തിനുശേഷം പെട്രോളിനും ഡീസലിനും പ്രതിദിനം 54, 48 പൈസ നിരക്കിലൊക്കെയാണ് വിലവര്‍ധനയെങ്കിലും പത്തുദിവസത്തില്‍ അഞ്ച് രൂപയോളമാണ് വര്‍ധന വന്നിരിക്കുന്നത്. ജൂണ്‍ 16, ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.99 രൂപയും ഡീസലിന് 71.29 രൂപയുമാണ്.

ഇന്നലെ പെട്രോളിന്റെ വില ലിറ്ററിന് 46 പൈസയും ഡീസലിന് ലിറ്ററിന് 59 പൈസയുമാണ് ഉയര്‍ന്നത്. പെട്രോളിന് 5.10 രൂപയും ഡീസലിന് 4.95 രൂപയുമാണ് ഈ ഒന്‍പത് ദിവസത്തില്‍ ഉയര്‍ന്നത്. ഇ വര്‍ധനവ് അടുത്തയാഴ്ച്ച വരെ തുടര്‍ന്നേക്കുമന്നാണ് റിപ്പോര്‍ട്ട്. പ്രതിദിനം പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് കമ്പനികളുടെ തീരുമാനം.

പൊതുജനജീവിതം മാത്രമല്ല ചരക്കു നീക്കവും സാധനങ്ങളുടെ വില ഉയരുന്നതിലേക്കുമെല്ലാം ഈ വിലവര്‍ധന പ്രശ്‌നം സൃഷ്ടിക്കും. ഡീസല്‍ വില കുത്തനെ ഉയരുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ തന്നെ ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലുള്ള വലിയ കുറവും പൊതുഗതാഗത മേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കും.

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ നഷ്ടം നികത്താന്‍ വരും ദിവസങ്ങളിലും ഇന്ധന വില കമ്പനികള്‍ കുത്തനെ ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2018 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍ ആയിരിക്കുമ്പോഴായിരുന്നു നേരത്തേ ഇത്തരത്തിലുള്ള വലിയ വില വര്‍ധനവ് ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിയുമ്പോഴാണ് ഈ വിലക്കയറ്റം. ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ദിവസാണ് രാജ്യത്തെ എണ്ണ കമ്പനികള്‍ നിരക്ക് ഉയര്‍ത്താന്‍ തിരുമാനിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News