മസ്‌കിന്റെ ₹4.7 ലക്ഷം കോടി വേതന പാക്കേജില്‍ ഉടക്കി ഓഹരിയുടമകള്‍, ടെസ്‌ലയില്‍ ശ്രദ്ധയില്ലെന്ന് ആരോപണം
2018ലാണ് ടെസ്‌ല സി.ഇ.ഒയ്ക്ക് വമ്പന്‍ പ്രതിഫല പാക്കേജ് പ്രഖ്യാപിച്ചത്
ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയുടെ ഉടമ ഇലോണ്‍ മസ്‌കിന് 2018 മുതല്‍ നല്‍കി വരുന്ന 5,600 കോടി ഡോളറിന്റെ (4.7 ലക്ഷം കോടി രൂപ) പ്രതിഫല പാക്കേജില്‍ എതിര്‍പ്പുമായി ഒരു കൂട്ടം ഓഹരിയുടമകള്‍ രംഗത്ത്. മസ്‌കിന് ടെസ്‌ല നല്‍കുന്ന പ്രതിഫല പാക്കേജ് കൂടുതലാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മറ്റ് ഓഹരിയുടമകള്‍ക്ക് ഇവര്‍ കത്തയച്ചു.
ടെസ്‌ലയുടെ പ്രവര്‍ത്തനത്തില്‍ വേണ്ട ശ്രദ്ധ നല്‍കുന്നില്ലെന്നും മസ്‌കിന്റെ സ്വന്തം നിയന്ത്രണത്തിലുള്ള മറ്റ് കമ്പനികള്‍ക്കാണ് ശ്രദ്ധ നല്‍കുന്നതെന്നും അവർ ആരോപിക്കുന്നു. അമാല്‍ഗമേറ്റഡ് ബാങ്ക്, എസ്.ഒ.സി ഇന്‍വെസ്റ്റ്‌മെന്റ് പ്പ്, മറ്റ് ആറ് ഓഹരിയുടമകള്‍ എന്നിവരാണ് മസ്‌കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഗ്രൂ
ഇലോണ്‍ മസ്‌കിന്റെ സഹോദരന്‍ കിംബല്‍ മസ്‌ക്, ജെയിംസ് മര്‍ഡോക്ക് എന്നിവരെ വീണ്ടും ഡയറക്ടര്‍മാരായി തിരഞ്ഞെടുക്കുന്നതിനെതിരെ വോട്ടുചെയ്യാനും ഈ ഗ്രൂപ്പ് ഓഹരി ഉടമകളോട് അഭ്യര്‍ത്ഥിച്ചു.
ശമ്പള പാക്കേജ് നാള്‍വഴികള്‍
2018ലാണ് ടെസ്‌ലയുടെ ഓഹരി ഉടമകള്‍ സി.ഇ.ഒ ആയ ഇലോണ്‍ മസ്‌കിന് വമ്പന്‍ ശമ്പള പാക്കേജ് നല്‍കാന്‍ തീരുമാനിച്ചത്. ടെസ്‌ലയില്‍ നിന്ന് മസ്‌ക് പരമ്പരാഗത രീയില്‍ ശമ്പളമൊന്നും വാങ്ങുന്നില്ല. എന്നാല്‍ ടെസ്‌ല നേടേണ്ട ചില ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച മസ്‌ക്, അവ നേടിയാല്‍ തനിക്ക് 56 ബില്യണ്‍ ഡോളര്‍ പ്രതിഫല പാക്കേജ് വേണമെന്ന് ആവശ്യമുന്നയിച്ചു. അതനുസരിച്ച് 12 ഓളം ലക്ഷ്യങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തു. ടെസ്‌ലയുടെ ഓഹരി വില ഉയര്‍ന്നാല്‍ നിശ്ചിത വിലയ്ക്ക് സ്വന്തമാക്കാനുള്ള അവകാശവും ഇതിലുള്‍പ്പെടുന്നു.
മസ്ക് പണമായി പ്രതിഫലം കൈപ്പറ്റുന്നില്ല. അതിന് പകരം ഓരോ തവണയും ലക്ഷ്യം കൈവരിക്കുമ്പോൾ നിശ്ചിത വിലയിൽ നിശ്ചിത ഓഹരി സ്വന്തമാക്കാനുള്ള അവകാശം മസ്കിനുണ്ട്.
വിപണി മൂല്യം അന്നത്തെ 50 ബില്യണ്‍ ഉയര്‍ത്തി 650 ബില്യണ്‍ ഡോളറാക്കണമെന്നതായിരുന്നു ഇതിലൊരു സുപ്രധാന പ്രഖ്യാപനം. വരുമാനം, ലാഭക്ഷമത എന്നിവയിലും ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിരുന്നു. വിപണി മൂല്യം മാത്രമല്ല മസ്‌കിന്റെ നേതൃത്വത്തിന് കീഴില്‍ കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നുവിത്. ഒരിക്കലും നടക്കാത്ത കാര്യങ്ങളെന്ന് പറഞ്ഞ് അന്ന് പലരും മസ്‌കിനെ പുച്ഛിച്ചെങ്കിലും ആ ലക്ഷ്യമെല്ലാം ടെസ്‌ല നേടി. അങ്ങനെയാണ് പ്രതിഫല പാക്കേജ് ലഭിച്ചു തുടങ്ങിയത്. നാഴികകല്ലുകൾ പലതു പിന്നിട്ടപ്പോൾ 30.3 കോടിയുടെ സ്റ്റോക്ക് ഓപ്ഷൻ ആണ് മസ്കിന് ലഭിച്ചത്. ഈ സ്റ്റോക്ക് ഓപ്ഷൻ പ്രകാരം മസ്കിന് 23.43 ഡോളർ നിരക്കിൽ ഓഹരി നേടാം. നിലവിലെ ടെസ്‌ല ഓഹരി വിലയായ 177 ഡോളറിനെ അപേക്ഷിച്ചു വളരെ കുറഞ്ഞ വിലയിലാണ് ഓഹരി കിട്ടുന്നത്. ഇപ്പോഴത്തെ വില അനുസരിച്ചു ഈ ഓഹരികളുടെ മൂല്യം ഏകദേശം 53.5 ബില്ല്യൺ ഡോളർ വരും
ഇപ്പോഴത്തെ നീക്കം
എന്നാല്‍ ഇപ്പോള്‍ മസ്‌ക് കമ്പനിയുടെ കാര്യങ്ങളില്‍ ശ്രദ്ധാലുവല്ലെന്നും മറ്റ് പല കാര്യങ്ങളിലും വ്യാപൃതനാണെന്നും ചൂണ്ടിക്കാട്ടിയാണ് ഓഹരി ഉടമകള്‍ രംഗത്തെത്തിയത്. മസ്‌കിന് ഇത്രയും ശമ്പളം നല്‍കേണ്ടതില്ലെന്ന് കാണിച്ച് ഓഹരി ഉടമകളില്‍ ഒരാള്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ ഇലോണ്‍ മസ്‌കിന് അനുവദിച്ച ശമ്പള പാക്കേജ് കോടതി അസാധുവാക്കിയിരുന്നു. ഓഹരിയുടമകൾക്ക് പേ പാക്കേജിനെ കുറിച്ച് പൂർണമായി അറിയില്ലെന്ന കാരണമാണ് ജഡ്ജി ചൂണ്ടിക്കാട്ടിയത്. ശമ്പള പാക്കേജ് അനുവദിച്ചതില്‍ ടെസ്‌ല ബോര്‍ഡിന് പിഴവ് സംഭവിച്ചതായി ജഡ്ജി കാതലിന്‍ മക്കോര്‍മിക് വിധിച്ചു. എന്നാല്‍ ഇതിനെതിരെ മസ്‌ക് അപ്പീല്‍ നല്‍കി.
ഓഹരിയുടമകള്‍ ശമ്പള പാക്കേജിനെ പിന്തുണയ്ക്കുന്നുവെന്ന് തെളിയിക്കാനാണ് ഇപ്പോള്‍ ഇത് വോട്ടിന് വിധേയമാക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ 13നാണ് കമ്പനിയുടെ വാര്‍ഷിക മീറ്റംഗ് നടക്കുക.
ടെസ്‌ലയുടെ പ്രകടനം
ടെസ്‌ലയുടെ ഓഹരി ഈ വര്‍ഷം ഇതു വരെ 10 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ടെസ്‌ലയുടെ വില്‍പ്പന മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ പാദത്തില്‍ വരുമാനവും ഇടിഞ്ഞിരുന്നു. ടെസ്‌ലയുടെ മോശം പ്രകടനത്തിനു കാരണം മസ്‌ക് വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതാണെന്നാണ് ആക്ഷേപം.
ഇതിനിടെ മസ്‌ക് സാമൂഹ്യമാധ്യമമായ ട്വിറ്ററിനെ ഏറ്റെടുത്ത് എക്‌സ് എന്ന പേരില്‍ അവതരിപ്പിച്ചിരുന്നു. ഇതുകൂടാതെ കഴിഞ്ഞ വര്‍ഷം ടെസ്‌ലയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സ്‌പെഷ്യലിസ്റ്റുകളെ നിയമിച്ചുകൊണ്ട് എക്‌സ്എ.ഐ എന്നൊരും സ്റ്റാര്‍ട്ടപ്പും മസ്‌ക് സ്ഥാപിച്ചിരുന്നു. ഇതെല്ലം വിമർശനത്തിന് കാരണമായി.
എന്നാൽ ടെസ്ലയുടെ ബോർഡ് അംഗങ്ങൾ കരുതുന്നത് ഇലോണിന് പേ പാക്കേജിനുള്ള അർഹതയുണ്ടെന്നാണ്. കാരണം പേ പാക്കേജ് അനുവദിച്ചത് മുതലുള്ള ആറ് വർഷക്കാലത്ത് ഇലോൺ ഓഹരിടുടമകൾക്ക് 10 മടങ്ങിൽ അധികം നേട്ടം നൽകിയിട്ടുണ്ട്. മാത്രമല്ല ടെസ്‌ലയെ ലോകത്തെ ഏറ്റവും വലിയ കാർ നിർമതാക്കൾ എന്ന സ്ഥാനത്ത് എത്തിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് തന്റെ പ്രവർത്തനങ്ങൾക്ക് മസ്ക് പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നും അവർ പറയുന്നു.