റോബോ ടാക്സി ഇറക്കിയ ടെസ്‍ലക്ക് വിപണിയിൽ വൻ തിരിച്ചടി; സംഭവിച്ചത് ഇതാണ്

ടെസ്‍ലയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവ് ₹ 5,00,000 കോടി

Update:2024-10-12 12:08 IST
കാർ വിപണിയിൽ പുതുവിപ്ലവം സൃഷ്ടിക്കാൻ ഇറങ്ങിയ ഇലോൺ മസ്കിന്റെ ടെസ്‍ല ‘റോബോടാക്സി’ ഇറക്കി​യപ്പോൾ വിപണിയിൽ നിന്ന് ശക്തമായ തിരിച്ചടി. ടെസ്‍ല കമ്പനിയുടെ ഓഹരി മൂല്യം ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞത് അഞ്ചു ലക്ഷം കോടി രൂപ (6,000 കോടി ഡോളർ).
ഡ്രൈവറും സ്റ്റിയറിങ്ങുമൊന്നും ഇല്ലാത്ത സ്വയം നിയന്ത്രിത ഇരട്ട സീറ്റുള്ള സൈബർ ക്യാബാണ് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം കാലിഫോർണിയയിൽ പുറത്തിറക്കിയത്. എന്നാൽ ഇത് ഉദ്ദേശിച്ച പോലെ നിക്ഷേപകരെ ആവേശം കൊള്ളിച്ചില്ല. എന്നു മാത്രമല്ല, ഇലോൺ മസ്കിന്റെ പ്രഖ്യാപനത്തിലുള്ള വിശ്വാസ്യത ചോർന്നു പോയതു കൂടിയാണ് വിപണിയിൽ പ്രകടമായത്. ഓഹരി വില ഒറ്റ ദിവസം കൊണ്ട് ഒൻപതു ശതമാനമാണ് ഇടിഞ്ഞത്.

വാഗ്ദാനത്തിനൊത്ത് വിശ്വസനീയമായ വിശദാംശങ്ങൾ നൽകാനായില്ല

2026ൽ 30,000 ഡോളറിൽ താഴെ മാത്രം വില വരുന്ന സ്വയം നിയന്ത്രിത സൈബർ കാർ നിർമാണം തുടങ്ങുമെന്നാണ് ഇലോൺ മസ്ക് പ്രഖ്യാപിച്ചത്. 20 പേരെ കയറ്റാവുന്ന സ്വയം നിയന്ത്രിത വാൻ പുറത്തിറക്കുമെന്നും​ പ്രഖ്യാപിച്ചു. ടെസ്‍ലയുടെ പുതിയ ഈ വണ്ടികൾ നഗരങ്ങളുടെ ഘടന തന്നെ മാറ്റിക്കളയുമെന്നും കാർ പാർക്കുകൾ ഇല്ലാതാകുമെന്നും ഇലോൺ മസ്ക് അവകാശപ്പെട്ടു. 50 വർഷം കൊണ്ട് യാത്രാ സംവിധാനം പൂർണമായും സ്വയം നിയ​ന്ത്രിത വാഹനങ്ങളുടേതായി മാറുമെന്ന് റോബോടാക്സി പുറത്തിറക്കൽ ചടങ്ങിനു മുമ്പ് മസ്ക് ട്വീറ്റ് ചെയ്തു.
എന്നാൽ തന്റെ വാഗ്ദാനത്തിനൊത്ത് വിശ്വസനീയമായ വിശദാംശങ്ങൾ നൽകുന്നതിൽ ഇലോൺ മസ്ക് പരാജയപ്പെട്ടതാണ് വിപണിയിലേറ്റ തിരിച്ചടിക്ക് കാരണമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ടെസ്‍ലയുടെ പദ്ധതികളെക്കുറിച്ച് വിശ്വസ്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. എങ്ങനെ വില കുറക്കാൻ കഴിയുന്നു, എങ്ങനെ വാങ്ങുന്നവർക്ക് സ്വീകാര്യമായി മാറുന്നു തുടങ്ങിയ വിവരങ്ങളൊന്നുമില്ലാത്ത പ്രഖ്യാപനം മാത്രമാണ് നടത്തിയത്. പുറത്തിറക്കാൻ പോകുന്ന ഉൽപന്നങ്ങളെക്കുറിച്ച് വമ്പൻ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നത് ഇലോൺ മസ്കിന്റെ രീതിയാണ്. എന്നാൽ പറഞ്ഞ തീയതിക്കൊത്ത് കാര്യങ്ങൾ മുന്നോട്ടു നീക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിദഗ്ധർ പറയുന്നു.
Tags:    

Similar News