പാകിസ്ഥാനെ 'എറിഞ്ഞു വീഴ്ത്തി': താരമായി ഈ പ്രവാസി ടെക്കി
മികച്ച പ്രകടനത്തിലൂടെ കമ്പനിയുടെ പേരുയര്‍ത്തിയ ജീവനക്കാരന് 40 ശതമാനം ശമ്പളവര്‍ധന നല്‍കണമെന്നാണ് ഒരാള്‍ കുറിച്ചത്
ട്വന്റി-20 ലോകകപ്പില്‍ വമ്പന്മാരായ പാക്കിസ്ഥാനെ അട്ടിമറിച്ച് ആതിഥേയരായ യു.എസ്.എ ക്രിക്കറ്റ് ലോകം കീഴടക്കിയപ്പോള്‍ അതിന്റെ അലയൊലികള്‍ ടെക് ലോകത്തും. സൂപ്പര്‍ ഓവര്‍ വരെ നീണ്ട മല്‍സരത്തില്‍ അവസാന ഓവര്‍ എറിഞ്ഞ സൗരവ് നെട്രാല്‍ക്കറിന്റെ പ്രകടനമാണ് കൈയടി നേടിക്കൊടുത്തത്.
ഇന്ത്യന്‍ വംശജനായ ഈ 32കാരന്‍ ടെക്‌നോളജി രംഗത്തെ വമ്പന്മാരായ ഓറക്കിളിന്റെ ജീവനക്കാരനാണ്. എട്ടുവര്‍ഷമായി ടെക് കമ്പനിയുടെ ഭാഗമാണ് അദേഹം. തങ്ങളുടെ ജീവനക്കാരന്‍ ക്രിക്കറ്റ് ലോകത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ അഭിനന്ദനവുമായി ഓറക്കിളും രംഗത്തെത്തി.
ഇന്ത്യയ്ക്കായി കളിച്ചു, പിന്നെ കുടിയേറ്റം
സൗരവിന്റെ ലിങ്ക്ഡ് ഇന്‍ അക്കൗണ്ടിന്റെ വിവരങ്ങള്‍ പങ്കുവച്ചാണ് ഒാറക്കിള്‍ താരത്തെ അഭിനന്ദിച്ചത്. എക്‌സില്‍ ഈ പോസ്റ്റിനു താഴെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. മികച്ച പ്രകടനത്തിലൂടെ കമ്പനിയുടെ പേരുയര്‍ത്തിയ ജീവനക്കാരന് 40 ശതമാനം ശമ്പളവര്‍ധന നല്‍കണമെന്നാണ് ഒരാള്‍ കുറിച്ചത്.
കളിക്കളത്തിലെ പ്രകടനത്തിനൊപ്പം മികച്ച അക്കാഡമിക് ട്രാക്ക് റെക്കോഡുമാണ് സൗരവിനെ വ്യത്യസ്തനാക്കുന്നത്. മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയശേഷം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു താരം. ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്ന അദേഹം മുംബൈയ്ക്കായി രഞ്ജി ട്രോഫിയിലും കളിച്ചിട്ടുണ്ട്.
ക്രിക്കറ്റിന് വലിയ വേരൊന്നുമില്ലാത്ത രാജ്യമാണ് അമേരിക്ക. അവരുടെ ദേശീയ ടീമില്‍ കളിക്കുന്നവരിലേറെയും മറ്റ് രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരാണ്. ഏഷ്യന്‍ വംശജരായ കുടിയേറ്റക്കാരിലൂടെ ക്രിക്കറ്റിനെ വളര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും അമേരിക്കന്‍ ക്രിക്കറ്റ് അസോസിയേഷനും.