കോവിഡിനെ തുരത്താന്‍ ഒറ്റ ഡോസ്, സ്പുട്‌നിക് ലൈറ്റ് ജൂണിലെത്തും
79.4 ശതമാനത്തോളം ഫലപ്രാപ്തിയാണ് സ്പുട്‌നിക് ലൈറ്റിന് അവകാശപ്പെടുന്നത്
ഒറ്റ ഡോസ് കോവിഡ് വാക്‌സിനായ റഷ്യയുടെ സ്പുട്‌നിക് ലൈറ്റ് അടുത്തമാസത്തോടെ ഇന്ത്യയിലെത്തിയേക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യത്തെ ഒറ്റ ഡോസ് വാക്‌സിനായിരിക്കും സ്പുട്‌നിക് ലൈറ്റ്. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ അടക്കമുള്ള വാക്‌സിനുകള്‍ രണ്ട് ഡോസുകളിലായാണ് സ്വീകരിക്കേണ്ടത്. എന്നാല്‍ വാക്‌സിന്‍ ക്ഷാമം കാരണം വാക്‌സിനേഷന്‍ നടപടികളും പ്രതിസന്ധിയിലായിരിക്കുകയാണ്.
സിംഗിള്‍ ഷോട്ട് വാക്‌സിനായ 'സ്പുട്നിക് ലൈറ്റ്' ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് വ്യക്തമാക്കി. രാജ്യത്ത് ലഭ്യമാക്കുന്ന വാക്സിനുകളുടെ അളവ് വര്‍ധിപ്പിക്കും. രണ്ടാം ബാച്ച് സ്പുട്നിക് വി വാക്സിനുകള്‍ ഞായറാഴ്ച ഹൈദരാബാദില്‍ പുറത്തിറക്കിയപ്പോഴാണ് കുഡാഷെവ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ സ്പുട്നിക് വിയുടെ ഉല്‍പ്പാദനം ക്രമേണ പ്രതിവര്‍ഷം 850 ദശലക്ഷം ഡോസുകള്‍ വരെയായി വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ സ്പുട്‌നിക് ലൈറ്റ് ഇതിനകം അംഗീകരിച്ചിട്ടുണ്ട്. 79.4 ശതമാനത്തോളം ഫലപ്രാപ്തിയാണ് സ്പുട്‌നിക് ലൈറ്റ് പ്രകടമാക്കുന്നത്. റഷ്യയുടെ തന്നെ സ്പുട്നിക് വി വാക്സിനുകളുടെ ആദ്യ ചരക്ക് മെയ് ഒന്നിനാണ് ഇന്ത്യയിലെത്തിച്ചത്. ഈ ആഴ്ച മുതല്‍ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കേന്ദ്രം കഴിഞ്ഞ വ്യാഴാഴ്ച അറിയിച്ചിട്ടുണ്ട്.