ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ യു.എ.ഇ; അഞ്ചു വര്‍ഷത്തിനുള്ളില്‍ 20,000 തൊഴിലവസരങ്ങള്‍

ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി 40 ശതമാനം കുറക്കും

Update:2024-10-18 16:39 IST

Image : Canva

ഭക്ഷ്യോല്‍പ്പാദന മേഖലയില്‍ പുതിയ പദ്ധതികളുമായി യു.എ.ഇ സര്‍ക്കാര്‍. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നീക്കം രാജ്യത്ത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 20,000 പുതിയ തൊഴിലവസരങ്ങള്‍ തുറക്കും. കൃഷി, ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ ആയിരിക്കും അവസരങ്ങള്‍. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഇറക്കുമതി കുറക്കുകയെന്നതാണ് യു.എ.ഇയുടെ പ്രഖ്യാപിത നയമെന്ന് സാമ്പത്തിക കാര്യ വകുപ്പ് വക്താവ് അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം 1000 കോടി ഡോളര്‍ മൂല്യത്തിലേക്ക് ഉയര്‍ത്തുകയാണ് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ലക്ഷ്യം.

ഇറക്കുമതി 40 ശതമാനം കുറക്കും

2050 ആകുമ്പോള്‍ യു.എ.ഇയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി 40 ശതമാനം കുറക്കും. നിലവില്‍ 90 ശതമാനം ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുകയാണ്. 2023 ല്‍ 2,300 കോടി ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. 660 കോടി ഡോളറിന്റെ വസ്തുക്കള്‍ കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇറക്കുമതിയില്‍ 23 ശതമാനം വര്‍ധനയുണ്ടായി. 2029 ആകുമ്പോള്‍ ജി.സി.സി രാജ്യങ്ങളുടെ ഭക്ഷ്യമേഖലയിലെ ഉല്‍പ്പാദനം 12,800 ഡോളര്‍ മൂല്യത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതിയുണ്ട്.

വിവിധ മേഖലകളില്‍ അവസരങ്ങള്‍

ഭക്ഷ്യോല്‍പ്പാദനവുമായി ബന്ധപ്പെട്ട നിരവധി തൊഴിലവസരങ്ങള്‍ വരും വര്‍ഷങ്ങളില്‍ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടും ഗവേഷണം, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലും പുതിയ തൊഴില്‍ സാധ്യതകളാണ് വരുന്നത്. സാധാരണ തൊഴിലാളികള്‍ മുതല്‍ അഗ്രികള്‍ച്ചര്‍ ബിരുദധാരികളെ വരെ ആവശ്യമായി വരും. കാര്‍ഷിക മേഖലയില്‍ പ്രത്യേക ക്ലസ്റ്ററുകള്‍ രൂപീകരിച്ചാണ് യു.എ.ഇ സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. വിദേശ  ഗവേഷണ കേന്ദ്രങ്ങള്‍ ഇതുമായി സഹകരിക്കുന്നുണ്ട്.

Tags:    

Similar News