മള്‍ട്ടിപ്ലെക്‌സില്‍ 99 രൂപയ്ക്ക് സിനിമ കാണാം, ഓഫര്‍ വിശദാംശങ്ങള്‍ ഇങ്ങനെ
ബുക്ക്മൈഷോ, പേയ്.ടി.എം തുടങ്ങിയ ബുക്കിംഗ് ആപ്പുകളിലൂടെ സിനിമയ്ക്ക് ടിക്കറ്റെടുക്കാം
സിനിമാപ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. വെറും 99 രൂപയ്ക്ക് സിനിമ കാണാനുള്ള ഓഫറാണ് അസോസിയേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. മെയ് 31ന് രാജ്യത്തെ നാലായിരത്തോളം സ്‌ക്രീനുകളില്‍ ഈ ഓഫര്‍ വഴി ചെറിയ നിരക്കില്‍ സിനിമ കാണാം.
സിനിമ ലവേഴ്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. പി.വി.ആര്‍, ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഈ ഓഫര്‍ ലഭ്യമാവുക.
ബുക്ക്മൈഷോ, പേയ്.ടി.എം തുടങ്ങിയ ബുക്കിംഗ് ആപ്പുകളിലൂടെ സിനിമയ്ക്ക് ടിക്കറ്റെടുക്കാം. കേരളത്തിലെ വിവിധ മള്‍ട്ടിപ്ലെക്‌സുകളിലും ഈ ഓഫര്‍ ലഭ്യമാണ്. ചില സ്ഥലങ്ങളില്‍ 70 രൂപയ്ക്ക് പോലും ടിക്കറ്റ് ലഭ്യമാക്കുമെന്ന് അസോസിയേഷന്‍ അവകാശപ്പെടുന്നുണ്ട്.
തീയറ്ററുകളില്‍ ശൂന്യത
കഴിഞ്ഞ ആറുമാസമായി മലയാള സിനിമ ഒഴികെ മറ്റെല്ലാ ഇന്‍ഡസ്ട്രികളും തിരിച്ചടി നേരിടുകയാണ്. തെലുങ്ക് സിനിമയില്‍ തീയറ്ററുകള്‍ രണ്ടാഴ്ചത്തോളം അടച്ചിട്ടിരുന്നു. ഇറങ്ങിയ ചിത്രങ്ങള്‍ കാര്യമായി നേട്ടം കൊയ്യാത്തതും വലിയ റിലീസുകള്‍ ഇല്ലാത്തതുമായിരുന്നു കാരണം. ഹിന്ദിയിലും കന്നഡയിലും തമിഴിലും മാന്ദ്യം നിലനില്‍ക്കുന്നുണ്ട്.
മലയാള സിനിമ പക്ഷേ പുതിയ ഉയരങ്ങള്‍ താണ്ടുന്നതിനാണ് 2024 സാക്ഷ്യംവഹിക്കുന്നത്. വിവിധ ചിത്രങ്ങളിലൂടെ ഇതുവരെ 1,000 കോടി രൂപയിലധികമാണ് മലയാളം സിനിമ ഇതുവരെ കളക്ട് ചെയ്തത്. കനത്ത മഴയിലും കേരളത്തിലെ തീയറ്ററുകള്‍ സജീവമാണ്.