സമ്പന്നര്‍ രാജ്യം വിടുന്നു, ആദ്യ മൂന്നില്‍ ഇന്ത്യ

സമ്പന്നരെ നഷ്ടമാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയ്ക്കും ചൈനക്കും പിന്നാലെ ഇന്ത്യ മൂന്നാമതാണ്

Update: 2022-11-28 09:47 GMT

ഇന്ത്യന്‍ സമ്പന്നര്‍ രാജ്യം വിടുന്ന പ്രവണത കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി ഉയരുകയാണ്. കോവിഡ് വ്യാപനമുണ്ടായപ്പോള്‍ മാത്രമാണ് സമ്പന്നരുടെ കൊഴിഞ്ഞു പോക്കില്‍ ചെറിയ തോതില്‍ ഇടിവുണ്ടായത്. എന്നാല്‍ ഇപ്പോള്‍, ഇക്കാര്യത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്താണ്. ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്‌ണേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം സമ്പന്നരെ നഷ്ടമാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയ്ക്കും ചൈനക്കും പിന്നാലെ മൂന്നാമതാണ് ഇന്ത്യ.

2022ല്‍ ഇതുവരെ സമ്പന്ന വിഭാഗത്തിലുള്ള 8,000 പേരാണ് മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയത്. റഷ്യയിലും ചൈനയിലും ഇത് യഥാക്രമം 15,000, 10,000 വീതമാണ്. ഒരു മില്യണ്‍ ഡോളറോ അതിന് മുകളിലോ ആസ്തിയുള്ളവരെയാണ് സമ്പന്ന വിഭാഗമായി കണക്കാക്കുന്നത്. ഇന്ത്യ ഓരോ വര്‍ഷവും സൃഷ്ടിക്കുന്ന സമ്പന്നരുടെ എണ്ണം രാജ്യം ഉപേക്ഷിക്കുന്നവരെക്കാള്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം ആശങ്കാജനകം അല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

സമ്പന്നരായ വ്യക്തികള്‍ ഇന്ത്യയിയലേക്ക് മടങ്ങി വരുന്ന പ്രവണതയും ഉണ്ട്. രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുന്നതിന് അനുസരിച്ച് ഇത്തരത്തില്‍ തിരികെ എത്തുന്നവരുടെ എണ്ണം ഉയരുമെന്നും ഹെന്‍ലി റിപ്പോര്‍ട്ട് വ്യക്തമാക്കി. 2031ഓടെ രാജ്യത്തെ സമ്പന്നരുടെ എണ്ണത്തില്‍ 80 ശതമാനത്തോളം വര്‍ധനവ് ഉണ്ടാവും. ഇത് ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയായി (Wealth Market) ആയി ഇന്ത്യയെ മാറ്റുമെന്നാണ് വിലയിരുത്തല്‍.

ഹോങ്കോംഗ്, യുക്രെയ്ന്‍, ബ്രസീല്‍, മെക്‌സികോ, യുകെ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കും സമ്പന്നരെ നഷ്ടമായി. ഈ വര്‍ഷം 1,500ഓളം പേരാണ് യുകെ വിട്ടത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോവാന്‍ തീരുമാനിച്ചതിന് ശേഷം 2017 മുതല്‍ ഏകദേശം 12,000 സമ്പന്നരാണ് യുകെയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത്.

സ്വന്തം നാട് ഉപേക്ഷിക്കുന്നവര്‍ യുഎഇ, യുഎസ്എ, പോര്‍ച്ചുഗല്‍, കാനഡ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കുടിയേറുന്നത്. മാള്‍ട്ട, മൗറീഷ്യസ്, മൊറോക്കോ എന്നിവടങ്ങളിലേക്കുള്ള കുടിയേറ്റവും ഉയരുകയാണ്. ഈ വര്‍ഷം ഏകദേശം 4000 സമ്പന്നര്‍ എത്തുമെന്ന് കരുതുന്ന യുഎഇ ആണ് ഇക്കൂട്ടത്തില്‍ മുന്നില്‍.

Tags:    

Similar News