കുടിയേറ്റക്കാര്‍ക്ക് വീട് വാങ്ങാന്‍ 30,000 യൂറോ നല്‍കുന്ന ഇറ്റാലിയന്‍ നഗരം!!

താമസക്കാരില്ലാതെ നിരവധി വീടുകളാണ് നഗരത്തില്‍ ഒഴിഞ്ഞു കിടക്കുന്നത്

Update:2022-12-01 11:23 IST

തെക്ക്-കിഴക്കന്‍ ഇറ്റലിയിലെ ഒരു ചെറുപട്ടണമാണ് പ്രെസിക്‌സെ (Presicce). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രെസിക്‌സെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അതിന് കാരണം നഗരത്തിലേക്ക് താമസക്കാരെ ആകര്‍ഷിക്കാന്‍ അധികൃതര്‍ നടത്തിയ ഒരു പ്രഖ്യാപനമാണ്. പ്രെസിക്‌സെയില്‍ സ്ഥിരതാമസമാക്കുന്നവര്‍ക്ക് 30,000 യൂറോയാണ് വാഗ്ദാനം (ഏകദേശം 25.4 ലക്ഷം രൂപ).

ഈ തുക ലഭിക്കാന്‍ ഒരു നിബന്ധനയും അധികൃതര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. നഗരത്തില്‍ താമസിക്കാന്‍ എത്തുന്നവര്‍ സ്വന്തമായി വീട് വാങ്ങണം. അതും 1991ന് മുമ്പ് പണിത ഉപേക്ഷിക്കപ്പെട്ട വീടുകളായിരിക്കണം. താമസക്കാരില്ലാതെ നിരവധി വീടുകളാണ് പ്രെസിക്‌സെയില്‍ ഒഴിഞ്ഞു കിടക്കുന്നത്. ഈ കെട്ടിടങ്ങളുടെ സംരക്ഷണം കൂടി ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ട്.

ഏകദേശം 25,000 യൂറോ ചെലവില്‍ ഇവിടെ വീടുകള്‍ വാങ്ങാം. വീടിന്റെ പുനരുദ്ധാരണത്തിനുള്ള ചെലവുകള്‍ കൂടി കണക്കാക്കിയാണ് 30,000 ഡോളര്‍ നല്‍കുന്നത്. നിലവില്‍ പ്രെസിക്‌സെയിലുള്ളത് 9,000 പേരോളമാണ്. ഇതാദ്യമായല്ല ഒരു ഇറ്റാലിയന്‍ നഗരം താമസക്കാരെ ആകര്‍ഷിക്കാന്‍ പണം വാഗ്ദാനം ചെയ്യുന്നത്. സാര്‍ഡീനിയ ദ്വീപ് (15,000 ഡോളര്‍), കാലാബ്രിയ (33,000 ഡോളര്‍), സാന്റോ സ്റ്റെഫാനോ ഡി സെസാനിയോ (52,500 ഡോള) തുടങ്ങിയ പ്രദേശങ്ങളൊക്കെ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്.

Tags:    

Similar News