ഈ പഞ്ചായത്ത് 97ശതമാനം ജനങ്ങൾക്കും വാക്‌സിനേഷൻ നൽകി!

ടീം പ്രവർത്തനത്തി ലൂടെയാണ് ഒരു ഡോസ് വാക്‌സിനെങ്കിലും ജനങ്ങൾക്ക് ഇവർ നൽകിയത്.

Update: 2021-09-13 09:33 GMT

തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള പഞ്ചായത്തിലാണ് ഈ വിജയം.ഇവിടത്തെ 18 വയസിന് മുകളിലുള്ള ജനസംഖ്യയുടെ 97% പേർക്ക് വാക്സിനേഷൻ നൽകി കഴിഞ്ഞു.

വാക്സിൻ ക്ഷാമവും മറ്റ് ഘടകങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ കുത്തിവയ്‌പിന്‌ തടസ്സമാകുന്നതിനിടയിൽ ആണ് പഞ്ചായത്തിന് ഈ ഒരു വിജയമൊരുങ്ങിയത്.
നെയ്യാറ്റിൻകരക്ക്‌ സമീപമുള്ള പെരുങ്കടവിള പഞ്ചായത്ത് ഫെബ്രുവരിയിൽ ആണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്.18705പേരാണ് ഇവിടെ ആകെയുള്ളത്. ഇതിൽ ഇനി ഒരു നൂറോളം പേർ മാത്രമേ ഒരു ഡോസ് വാക്‌സിൻ എടുക്കാനുള്ളൂ എന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രൻ 'ധന'ത്തോട് പറഞ്ഞു.തുടക്കത്തിൽ തന്നെ വാർഡ് അടിസ്ഥാനമാക്കി വാക്‌സിൻ നൽകുകയായിരുന്നു.അതിന് മുൻപ് ഓരോ വാർഡിലും അതാത് പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി.
കോവിഡ് ബാധിച്ചവർ, മരുന്ന് അലർജി ഉള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരൊഴികെ, ശേഷിക്കുന്ന വ്യക്തികൾക്കെല്ലാം കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. ഓരോ വാർഡിൽ നിന്നും ദിവസവും 50 പേർക്ക് വീതം വാക്സിൻ നൽകി. ഈ രീതിയിൽ, പ്രതിദിനം 500 വാക്സിനുകൾ നൽകാൻ കഴിഞ്ഞു. രണ്ടാമത്തെ ഡോസ് നൽകുന്നതിലും ഇതേ തന്ത്രം ആണ് പിന്തുടരുന്നത്.
പദ്ധതിക്ക് പിന്നിലെ വിജയം രാഷ്ട്രീയ ഭേദമന്യേ ടീം വർക്കാണന്ന് പ്രസിഡന്റ് പറയുന്നു.
വാക്സിനേഷൻ പ്രക്രിയ നടത്തുന്നതിനായി ഒരു വിശദമായ പ്ലാൻ തയ്യാറാക്കിയിരുന്നു. ആളുകളുടെയും അവരുടെ പ്രായത്തിന്റെയും മെഡിക്കൽ അവസ്ഥകളുടെയും ഒരു സർവേ നടത്തിയിരുന്നു.
പഞ്ചായത്തിൽ 32 അംഗന വാടികൾ വാക്സിനേഷൻ ബുക്കിംഗ് സെന്ററുകളായി സ്ഥാപിച്ചു.അവിടെ വന്ന് ആളുകൾക്ക് ഓൺലൈനിൽ വാക്സിൻ ബുക്ക് ചെയ്യാം.ബുക്ക്‌ ചെയ്തു കൊടുക്കാൻ വോളന്റീയർമാർ ഉണ്ട്. അംഗനവാടി അധ്യാപകർ, ആശ പ്രവർത്തകർ, ആരോഗ്യ -ശുചിത്വ വോളണ്ടിയർമാർ എന്നിവരെ ഓൺലൈൻ ബുക്കിംഗിനായി സജ്ജമാക്കി.
വാക്സിനേഷൻ ക്യാമ്പിലേക്ക് ശാരീരികമായി എത്താൻ കഴിയാത്തവർക്ക് വീടുകളിൽ വാക്സിനുകൾ നൽകി. വാക്സിന് ക്ഷാമം നേരിടുമ്പോഴെല്ലാം, ആളുകളെ ഇതറിയിച്ച് അനാവശ്യമായ വരവ് ഒഴിവാക്കുകയും ചെയ്തു.
എല്ലാ ബുധനാഴ്ചയും പഞ്ചായത്ത് ഓഫീസിൽ ഒരു അവലോകന സെക്ഷ ൻ നടത്തുന്നുണ്ട്. വാക്സിനേഷൻ ലഭിച്ച ആളുകളുടെ ശതമാനവും വാക്സിൻ എടുക്കാനുള്ള ആളുകളുടെ എണ്ണവും അറിയാൻ അവലോകന സെക്ഷൻ സഹായിക്കുന്നു, പഞ്ചായത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സുനിത കുമാരി, ഹെൽത്ത്‌ സൂപ്പർ വൈസർ, രാധാകൃഷ്ണൻനായർ, വാർഡ് മെമ്പർമാർ, മറ്റ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകരൊക്കെ ഈ വിജയത്തിന് പിന്നിലുണ്ടന്ന് എസ് സുരേന്ദ്രൻ പറഞ്ഞു.


Tags:    

Similar News