കാനഡയില്‍ മലയാളികള്‍ക്കും ദുരിതകാലം? ഹോട്ടല്‍ വെയ്റ്റര്‍ ജോലിക്ക് എത്തിയത് 3,000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ ആവശ്യത്തിന് ജോലി ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ സാധൂകരിക്കുന്നതാണ് ദൃശ്യങ്ങള്‍
Read this story in English - https://bit.ly/47U8uAt
ഒരുകാലത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സ്വപ്‌നലോകമായിരുന്നു കാനഡ. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ. കേരളത്തില്‍ നിന്നടക്കം കോവിഡിനുശേഷം കാനഡയിലേക്ക് കുത്തൊഴുക്കായിരുന്നു. ലക്ഷങ്ങള്‍ കടമെടുത്തും വീട് പണയംവച്ചും കാനഡയിലേക്ക് പോയ പലരുടെയും പ്രതീക്ഷ പാര്‍ട്ട് ടൈം ജോലി ചെയ്ത് കടംവീട്ടാമെന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാനഡയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ പലതും ഞെട്ടിക്കുന്നതാണ്.
ഇത്തരത്തില്‍ വരുന്നൊരു വീഡിയോയാണ് ഇപ്പോള്‍ കാനഡയിലെ യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തുന്നത്. ബ്രാംപ്ടണില്‍ പ്രവര്‍ത്തിക്കുന്ന ഒരു റെസ്റ്റോറന്റിലേക്ക് വെയ്റ്റര്‍ ജോലിക്കായി അഭിമുഖത്തിനെത്തിയവരുടെ വീഡിയോയാണ് പലരെയും ഞെട്ടിച്ചിരിക്കുന്നത്.
3,000ത്തോളം പേര്‍ റെസ്റ്റോറന്റിനു പുറത്ത് അഭിമുഖത്തിനായി ക്യൂ നില്‍ക്കുന്നു. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. കാനഡയില്‍ തൊഴിലില്ലായ്മ അതിന്റെ മൂര്‍ധന്യാവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ ആവശ്യത്തിന് ജോലി ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ സാധൂകരിക്കുന്നതാണ് ദൃശ്യങ്ങളെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
കോവിഡിനുശേഷം വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകള്‍ നല്‍കിയ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ ഇപ്പോള്‍ യു ടേണടിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കുടിയേറ്റത്തിനെതിരേ കനേഡിയന്‍ പൗരന്മാരില്‍ വലിയ വികാരം ഉടലെടുക്കുന്നുണ്ട്. ട്രൂഡോയുടെ ജനപ്രീതി വളരെയധികം ഇടിഞ്ഞെന്ന് അഭിപ്രായ സര്‍വേകളും പറയുന്നു.
കാനഡയില്‍ പഠിക്കാന്‍ പോയ പലര്‍ക്കും പാര്‍ട്ട് ടൈം ജോലി പോലും കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം പറയുന്നത്. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് വിദ്യാര്‍ത്ഥികളെ കയറ്റിയയ്ക്കുന്ന ഏജന്‍സികളുടെ മോഹനവാഗ്ദാനത്തില്‍ പെട്ടാണ് പലരും വിമാനം കയറുന്നത്. അവിടെ പഠിക്കാന്‍ ചെല്ലുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര നിലവാരം പോലുമില്ലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
കുടിയേറ്റ അനുകൂല നയം പിന്തുടര്‍ന്നിരുന്ന ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായതിനു ശേഷമാണ് കാനഡയിലേക്ക് വിദേശികളുടെ ഒഴുക്ക് വ്യാപകമായത്. തുടക്കത്തില്‍ തദ്ദേശീയര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും തൊഴിലില്ലായ്മയും വീടുകളുടെ വാടക ഉയരുകയും ചെയ്തതോടെ ഇവര്‍ ഇടഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ട്രൂഡോ സര്‍ക്കാര്‍ ഇപ്പോള്‍ നയമാറ്റവുമായി മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സര്‍വേകളില്‍ ട്രൂഡോ പിന്നിലാണ്.
കാനഡയില്‍ 28 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്ത് താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.