കേരളത്തില്‍ നിന്ന് ദുബൈലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; മഴയില്‍ യു.എ.ഇ വ്യാപാര മേഖലയ്ക്ക് കനത്ത നഷ്ടം
മഴയുടെ അവസ്ഥ വിലയിരുത്തിയ ശേഷം സമയം പുനക്രമീകരിക്കുമെന്ന് വിമാന കമ്പനികള്‍
യു.എ.ഇയില്‍ കനത്ത മഴ തുടരുന്നതിനിടെ കേരളത്തില്‍ നിന്നുള്ള 3 വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ദുബൈലേക്കുള്ള സര്‍വീസുകളാണ് നിലവില്‍ റദ്ദാക്കിയിട്ടുള്ളത്. കനത്ത മഴയെ തുടര്‍ന്ന് യു.എ.ഇയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യമായ വിവരങ്ങള്‍ അറിഞ്ഞ ശേഷം മാത്രം വിമാനത്താവളത്തിലേക്ക് എത്തിയാല്‍ മതിയെന്ന് യാത്രക്കാരോട് എമിറേറ്റ്‌സ് എയര്‍ലൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നെടുമ്പാശേരിയില്‍ നിന്നുള്ള ഫ്‌ളൈ ദുബൈയുടെയും എമിറേറ്റ്‌സിന്റെയും ഇന്‍ഡിഗോയുടെയും സര്‍വീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച്ച രാത്രി പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനവും യാത്ര ഉപേക്ഷിച്ചിരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ സര്‍വീസുകളില്‍ തടസം നേരിടുമെന്ന് യാത്രക്കാര്‍ക്ക് നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു.
ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം
മഴയുടെ അവസ്ഥ വിലയിരുത്തിയ ശേഷം സമയം പുനക്രമീകരിക്കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ തിരിച്ചുവിട്ടു. പ്രതികൂല സാഹചര്യം മെച്ചപ്പെടുന്നതുവരെ അടുത്തുള്ള ലഭ്യമായ എയര്‍പോര്‍ട്ടിലേക്ക് വിമാനങ്ങള്‍ തിരിച്ചുവിടും. ചൊവ്വാഴ്ച 45 വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
വ്യാപാരമേഖലയ്ക്ക് കനത്ത നഷ്ടം
യു.എ.ഇയില്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നും തുടരും. കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. ദുബൈ മെട്രോയുടെ പ്രവര്‍ത്തനവും താറുമാറായി. കനത്ത മഴ യു.എ.ഇയിലെ ബിസിനസ് മേഖലയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. നിര്‍മാണ മേഖലയില്‍ രണ്ടുദിവസമായി ജോലികള്‍ നടക്കുന്നില്ല.
ഒമാനിലും മഴ വലിയ തോതില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. രാജ്യത്തെ പൊതു-സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കും. ദോഫാര്‍, അല്‍ വുസ്ത ഒഴികെയുള്ള എല്ലാ ഗവര്‍ണറേറ്റുകളിലെയും സ്‌കുളുകള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.