കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഒരു മണിക്കൂര്‍ നേരത്തെയെത്താം, ഈ റൂട്ടില്‍ ഇരട്ടപ്പാതയുടെ സാധ്യത തേടി റെയില്‍വേ
വിഴിഞ്ഞം-കൊച്ചി-മംഗളൂരു റൂട്ടില്‍ ചരക്കുഗതാഗതവും വേഗത്തിലാകും
എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാം പാതയ്ക്കുള്ള സര്‍വേ അവസാനത്തിലേക്ക് അടുക്കുമ്പോള്‍ കേരളത്തില്‍ മറ്റൊരു പാതയുടെ സാധ്യത കൂടി റെയില്‍വേ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. മലബാറിലേക്കുള്ള ട്രെയിന്‍ യാത്രാ ദൂരം കുറയ്ക്കാന്‍ സഹായിക്കുന്ന തൃശൂര്‍-ഗുരുവായൂർ-തിരുനാവായ ഇരട്ടപ്പാതയുടെ സാധ്യതയാണ് റെയില്‍വേ പരിശോധിക്കുന്നത്.
നിലവില്‍ തൃശൂരില്‍ നിന്നുള്ള രണ്ടാമത്തെ പാത ഗുരുവായൂരില്‍ അവസാനിക്കും. 1994ല്‍ ഉദ്ഘാടനം ചെയ്ത ഈ പാത തിരുനാവായ വരെ നീട്ടുന്നതിന് 1995ല്‍ അന്നത്തെ റെയില്‍വേ വകുപ്പ് മന്ത്രി സുരേഷ് കല്‍മാഡി തറക്കല്ലിട്ടെങ്കിലും പദ്ധതി ഇതുവരെ സാധ്യമായില്ല. പിന്നീട് പദ്ധതിക്ക് ജീവന്‍ വയ്ക്കുകയും ഗുരുവായൂര്‍-തിരുനാവായ പാതയുടെ അന്തിമ ലൊക്കേഷന്‍ സര്‍വേ ദക്ഷിണ റെയില്‍വേ തുടങ്ങുകയും ചെയ്തു. ഇതിനൊപ്പമാണ് തൃശൂര്‍-തിരുനാവായ ഇരട്ടപ്പാതയുടെ സാധ്യതയും റെയില്‍വേ പരിശോധിക്കുന്നത്. അതേസമയം, തൃശൂര്‍-തിരുനാവായ ഇരപ്പാത യാഥാര്‍ത്ഥ്യമാക്കാന്‍ ഇപ്പോഴുള്ള തൃശൂര്‍-ഗുരുവായൂര്‍ ഒറ്റവരിപ്പാത ഇരട്ടിപ്പിക്കുകയും ഗുരുവായൂരില്‍ നിന്നും തിരുനാവായയിലേക്കുള്ളത് ഇരട്ടപ്പാതയാക്കി നിര്‍മിക്കുകയും വേണം. നേരത്തെ ഗുരുവായൂരില്‍ നിന്നും പൊന്നാനി വഴി തിരൂരിലേക്കുള്ള പാതയുടെ കാര്യവും ചര്‍ച്ചയിലുണ്ടായിരുന്നെങ്കിലും ഒടുവില്‍ തിരുനാവായയില്‍ ഉറപ്പിക്കുകയായിരുന്നു.
മലബാറിലേക്കുള്ള യാത്രാദൂരം ഒരു മണിക്കൂര്‍ കുറയും
തൃശൂരില്‍ നിന്നും തിരുനാവായ വഴിയുള്ള ഇരട്ടപ്പാത യാഥാര്‍ത്ഥ്യമായാല്‍ നിലവില്‍ തെക്കന്‍ കേരളത്തില്‍ നിന്നും മലബാറിലേക്കുള്ള യാത്രാദൂരം ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും കുറയും. നിലവില്‍ എറണാകുളം ഭാഗത്ത് നിന്നുള്ള ട്രെയിനുകള്‍ തൃശൂരില്‍ നിന്നും ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വഴിയാണ് കോഴിക്കോടേക്ക് പോകുന്നത്. പുതിയ പാത നിലവില്‍ വന്നാല്‍ ഈ റൂട്ട് ഒഴിവാക്കി തൃശൂരില്‍ നിന്നും ഗുരുവായൂര്‍ വഴി എളുപ്പത്തില്‍ കോഴിക്കോടെത്താം. ഇത് ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതവും സുഗമമാക്കും. എറണാകുളത്ത് നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ വേഗതയും വര്‍ധിപ്പിക്കും.
8,000 കോടി ചെലവ്, മലബാറിന്റെ മുഖച്ഛായ മാറും
തീരദേശത്ത് കൂടി കടന്നുപോകുന്ന പാത ഭാവിയില്‍ വിഴിഞ്ഞം-കൊച്ചി-മംഗളൂരു റൂട്ടില്‍ ചരക്കു നീക്കത്തിന് ഉപയോഗിക്കാനും ആലോചനയുണ്ട്. 8,000 കോടി രൂപയാണ് പാതയുടെ ചെലവായി കണക്കാക്കിയിരിക്കുന്നത്. ഭാരതപ്പുഴയിലും ദേശീയപാതയിലും രണ്ട് പാലങ്ങള്‍, ഓരോ 10 കിലോമീറ്ററിലും റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയവയും നിര്‍മിക്കും. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ നാല് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്.
160 കിലോമീറ്റര്‍ വേഗം
ഷൊര്‍ണൂര്‍ വഴിയുള്ള പാതയുടേതിന് സമാനമായ വളവുകള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ട്രെയിനുകള്‍ക്ക് പരമാവധി വേഗത കൈവരിക്കാന്‍ കഴിയും. ദിവസവും ഒരു ഭാഗത്തേക്ക് മാത്രം 25 ട്രെയിനുകള്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.