ശമ്പളം നല്‍കാന്‍ വിഷമിച്ച് തിരുപ്പതി ക്ഷേത്ര ട്രസ്റ്റ്

Update: 2020-05-12 11:12 GMT

ലോക്ക്ഡൗണ്‍ കാലത്ത് വരുമാനം നിലച്ചതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വിഷമിക്കുന്നു ലോകത്തെ ഏറ്റവും സമ്പന്ന ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി). ദിനംപ്രതി ശരാശരി ഒരു ലക്ഷം ഭക്തര്‍ വന്നിരുന്ന തിരുപ്പതി ക്ഷേത്രം കഴിഞ്ഞ 50 ദിവസമായി വാതില്‍ തുറന്നിട്ടില്ലെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. ഇതുവരെയുണ്ടായ നഷ്ടം 400 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്.

ക്ഷേത്ര ഖജനാവുകള്‍ അതിവേഗം ശൂന്യമായി. 23,000 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ചുമതല ട്രസ്റ്റിനാണ്.ഭക്തരുടെ അഭാവത്തിലും ദിവസേനയുള്ള ആചാരങ്ങളും പ്രതിവാര ഉത്സവങ്ങളും മുടക്കാനാവാത്തതിനാല്‍ ദൈനംദിന ചെലവുകളില്‍ വലിയ കുറവു വരുന്നില്ല. ശമ്പളം, പെന്‍ഷന്‍ മുതലായവ നല്‍കുന്നതിന് ടിടിഡി ഇതിനകം 300 കോടി രൂപ ചെലവഴിച്ചു.

14,000 കോടി രൂപയുടെ സ്ഥിര നിക്ഷേപമോ എട്ട് ടണ്‍ സ്വര്‍ണ്ണ കരുതല്‍ ധനമോ വഴിയേ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകൂ എന്ന നിലപാടാണ് ട്രസ്റ്റിനുള്ളതെങ്കിലും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അതു വിലക്കിയിരിക്കുകയാണ്. വിവിധ തലങ്ങളില്‍ 2,500 കോടി രൂപയാണ് ടിടിഡിക്ക് വാര്‍ഷിക ചെലവെന്ന് ടിടിഡി ചെയര്‍മാന്‍ വൈ. വി സുബ്ബ റെഡ്ഡി പറഞ്ഞു. ഭണ്ഡാരങ്ങളില്‍ വീഴുന്ന 175 കോടി ഉള്‍പ്പെടെ പ്രതിമാസ വരുമാനം ഏകദേശം 200-220 കോടി രൂപയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News