കൊറോണ ഗ്രസിച്ച് ലോക ഭൗമദിനം

Update: 2020-04-22 06:20 GMT

ഏപ്രില്‍ 22 ലോക ഭൗമദിനം. ആഗോള വ്യാപകമായി കൊറോണ വൈറസ് ഗ്രസിച്ചിരിക്കവേ ഭൂമി കാലാവസ്ഥാ ദുരന്തങ്ങളില്‍ നിന്നകലുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എക്കാലത്തേതിലുമധികം എല്ലാവരും ശ്രദ്ധിക്കേണ്ട സമയമാണിതെന്ന് ഭൗമദിനത്തിനു മുന്നോടിയായുള്ള സന്ദേശത്തില്‍ യു.എന്‍ എന്‍വയണ്‍മെന്റ് പ്രോഗ്രാം ഓര്‍മ്മിപ്പിച്ചിരുന്നു.

ആഗോള താപനത്താല്‍ പൊള്ളുന്ന ഭൂമിക്കു സാന്ത്വനം പകരാന്‍ വിഭാവനം ചെയ്ത ഭൗമദിനത്തിന്റെ അമ്പതാം വാര്‍ഷികവുമാണ് ഇത്തവണ. കാലാവസ്ഥാ മാറ്റത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനായി പാരീസ് കരാര്‍ ഒപ്പിട്ടതിന്റെ വാര്‍ഷികവും ഇതോടൊപ്പം ആചരിക്കുന്നു. 2020 അവസാനത്തോടെ ആഗോള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്ഗമനം 7.6% കുറയ്ക്കണമെന്ന തീരുമാനം നിലവിലുണ്ട്.പ്രതിവര്‍ഷം ആഗോള അധിക താപനം 1.5 ഡിഗ്രി സിയിലും കൂടാതിരിക്കാന്‍ ഓരോ വര്‍ഷവും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്ഗമനം 7.6% കുറയ്ക്കണമെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ എമിഷന്‍ ഗ്യാപ് റിപ്പോര്‍ട്ട് 2019 ല്‍ പറയുന്നു.

ആഗോളതലത്തിലുള്ള ഭീഷണികള്‍ നേരിടുമ്പോള്‍ മനുഷ്യരുടെയും ഗ്രഹത്തിന്റെയും ദുര്‍ബലതയെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോഴത്തെ മഹാവ്യാധിയെന്ന് യു.എന്‍ എന്‍വയണ്‍മെന്റ് പ്രോഗ്രാം  ചൂണ്ടിക്കാട്ടി.കോവിഡ് 19 ന്റെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളോടുള്ള പ്രതികരണത്തില്‍, ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇങ്ങനെ കുറിച്ചു: 'സുസ്ഥിര വികസന ലക്ഷ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് കരാറും പാലിക്കുന്നതില്‍ നാം കൂടുതല്‍ മുന്നേറിയിരുന്നുവെങ്കില്‍, നമുക്ക് മഹാമാരിയെ കൂടുതല്‍  നന്നായി നേരിടാന്‍ കഴിയുമായിരുന്നു.'

ദിനംപ്രതി പ്രകൃതിക്ക് മനുഷ്യന്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിപത്തുകള്‍ തന്നെയാണ് കൊടും വേനലിനും വരള്‍ച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനുമെല്ലാം കാരണമെന്നറിഞ്ഞിട്ടും ഇക്കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തി പ്രവര്‍ത്തിക്കാന്‍ മിക്ക രാജ്യങ്ങള്‍ക്കും ഇനിയും സാധിച്ചിട്ടില്ല. ഇനിയൊരു ലോക യുദ്ധമുണ്ടാകുന്നുണ്ടെങ്കില്‍ അത് ജലത്തിനു വേണ്ടിയായിരിക്കും എന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. വരള്‍ച്ച മൂലമുള്ള മരണനിരക്ക് നാള്‍ക്കു നാള്‍ വര്‍ധിക്കുമ്പോഴും ശുദ്ധവായുവും ജലവും കിട്ടാക്കനിയാകുമ്പോഴുമെല്ലാം മൂഢത നടിക്കുന്ന മനുഷ്യന്‍ തന്റെ കണ്ണുകള്‍ പരിസരങ്ങളിലേക്ക് തുറക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്ന് കൊറോണ വൈറസ് ഓര്‍മ്മിപ്പിക്കുന്നു.

വളര്‍ന്നു വരുന്ന തലമുറയ്ക്കായി ഭൂമി മാലിന്യരഹിതമാക്കാനും പ്രകൃതിസൗഹാര്‍ദപരമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കാനുമാണ് അര നൂറ്റാണ്ടിന്റെ വാര്‍ഷികം അടയാളപ്പെടുത്തുകയും കാലാവസ്ഥാ പ്രവര്‍ത്തനത്തെ പ്രമേയമായി തിരഞ്ഞെടുക്കുകയും ചെയ്ത ഭൗമദിനം 2020 ഉദ്ബോധിപ്പിക്കുന്നത്. ലോക ഭൗമദിനം ഒരു ആഘോഷമല്ല മറിച്ച് ഭൂമി സംരക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലും അതു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട കടമയാണെന്ന് തിരിച്ചറിയാനുള്ള അവസരവുമാണ്. അകലം പാലിക്കലിന്റെ ശൈലി തുടര്‍ന്നുകൊണ്ട് ഡിജിറ്റല്‍ സംഭാഷണങ്ങള്‍, ഡിജിറ്റല്‍ പ്രകടനങ്ങള്‍, വെബിനാര്‍ എന്നിവയാണ് ഇന്നത്തേക്കു വേണ്ടി തയ്യാറായിട്ടുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News