ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാനവാര്‍ത്തകള്‍; ഒക്ടോബര്‍ 28

Update: 2019-10-28 04:47 GMT

1 മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരി സൂചികകള്‍ക്കു നേട്ടം

ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യാപാരത്തില്‍ ഒഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 192.14 പോയന്റ് ഉയര്‍ന്ന് 39,250.20ലും നിഫ്റ്റി 43.30 പോയന്റ് നേട്ടത്തില്‍ 11,627.20ലുമെത്തി. മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഡക്സ് 1.6 ശതമാനവും ഓട്ടോ സൂചിക 1.3 ശതമാനവും ഉയര്‍ന്നു. ടാറ്റ മോട്ടോഴ്സാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില 16.44 ശതമാനം ഉയര്‍ന്ന് 147.70 രൂപയിലെത്തി. 

2 കരുതല്‍ സ്വര്‍ണം വില്‍ക്കുന്നതായുള്ള പ്രചാരണം തെറ്റെന്ന് റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും സ്വര്‍ണം വില്‍ക്കാനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് റിസര്‍വ് ബാങ്ക്.  കരുതല്‍ സ്വര്‍ണത്തില്‍ യാതൊരു വിധത്തിലുള്ള ക്രയവിക്രയവും നടത്തിയിട്ടില്ലെന്നും ആര്‍ ബി ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ കരുതല്‍ ശേഖരത്തില്‍ നിന്നും സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരുന്നത്.

3 സുപ്രീം കോടതി വിധി ടെലികോം കമ്പനികള്‍ക്കു വിനയാകുമെന്ന് 'ഫിച്ച് '

ക്രമീകരിച്ച മൊത്ത വരുമാനം സംബന്ധിച്ച സുപ്രീം കോടതി വിധി രാജ്യത്തെ ടെലികോം കമ്പനികളുടെ സാമ്പത്തിക സന്തുലിതാവസ്ഥയെ അപകടത്തിലാക്കുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ 'ഫിച്ച് 'അഭപ്രായപ്പെട്ടു.92642 കോടി രൂപയാണ് കുടിശികയെന്നു കണക്കാക്കിയിരിക്കുന്നത്.കനത്ത തുക ഈയിനത്തില്‍ അടയ്‌ക്കേണ്ടി വന്നാല്‍ 5 ജി ലേല നടപടികളില്‍ വേണ്ട വിധം പങ്കെടുക്കാന്‍ കമ്പനികള്‍ക്കു കഴിയാതെ വന്നേക്കാമെന്നും ലേലം വൈകാന്‍ ഇത് ഇടയാക്കിയേക്കാമെന്നും ഫിച്ച് നിരീക്ഷിക്കുന്നു.

4 മാന്ദ്യം റെയില്‍വേയുടെ വരുമാനത്തെയും ബാധിച്ചു

സാമ്പത്തികമാന്ദ്യം റെയില്‍വേയുടെ വരുമാനത്തെയും ബാധിച്ചതായുള്ള കണക്കുകള്‍ പുറത്ത്.2019-2012 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ യാത്രാ ടിക്കറ്റ് ഇനത്തില്‍ 155 കോടി രൂപയുടെയും ചരക്കു നീക്കത്തിന്റെ ഇനത്തില്‍ 3901 കോടി രൂപയുടെയും കുറവാണ് തൊട്ടു മുമ്പത്തെ ത്രൈമാസത്തെ അപേക്ഷിച്ചുണ്ടായത്.

5 വിഭവ സമാഹരണം മെച്ചപ്പെടുത്തുന്നതിനു നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സെക്രട്ടറി തല സമിതി

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വിഭവ സമാഹരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.ധനവിനിയോഗ സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷന്‍. ചെലവു ചുരുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിക്കും.

Similar News