ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍: 2020 ഫെബ്രുവരി 28

Update: 2020-02-28 05:24 GMT

1. ടെലികോം ദുരിതാശ്വാസ പാക്കേജ് പ്രധാന ചര്‍ച്ചാ വിഷയം

ടെലികോം മേഖലയെ മൊത്തമായി ബാധിക്കുന്ന വിഷയങ്ങളില്‍  സുപ്രധാന തീരുമാനമെടുക്കുന്ന ഉന്നത സമിതിയായ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ ഇന്നു യോഗം ചേര്‍ന്ന് ടെലികോം വ്യവസായത്തിന് ദുരിതാശ്വാസ പാക്കേജിനു രൂപം നല്‍കുന്നതിനു ചര്‍ച്ച നടത്തും.

2. സുമന്ത് കാത്പാലിയ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ പുതിയ സാരഥി

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി സുമന്ത് കാത്പാലിയയെ മൂന്ന് വര്‍ഷത്തേക്കു  നിയമിച്ചു.ഒരു പതിറ്റാണ്ടിലേറെയായി എംഡിയും സിഇഒയുമായ റോമേഷ് സോബ്തിയുടെ പിന്‍ഗാമിയായി മാര്‍ച്ച് 24 ന് അദ്ദേഹം ചാര്‍ജെടുക്കും.

3. പെട്രോനെറ്റ് എംഎച്ച്ബി ലിമിറ്റഡിന്റെ ഓഹരികള്‍ ഒഎന്‍ജിസിക്ക്

മംഗലാപുരത്ത് പെട്രോളിയം ഉല്‍പന്ന പൈപ്പ്‌ലൈന്‍ സ്വന്തമായുള്ള പെട്രോനെറ്റ് എംഎച്ച്ബി ലിമിറ്റഡിന്റെ മുഴുവന്‍ ഓഹരികളും കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനും (ഒഎന്‍ജിസി)  അനുബന്ധ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (എച്ച്പിസിഎല്‍) ചേര്‍ന്ന് 371 കോടി രൂപയ്ക്ക് സ്വന്തമാക്കി.

4. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉല്‍പ്പാദനം ഉയര്‍ത്താന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

സ്മാര്‍ട്ട് ഫോണുകള്‍, അര്‍ദ്ധചാലകങ്ങള്‍, മറ്റ് ഉയര്‍ന്ന മൂല്യമുള്ള ടെക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി  കേന്ദ്ര മന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട. നിലവിലുള്ള മോഡിഫൈഡ് സ്‌പെഷ്യല്‍ ഇന്‍സെന്റീവ് പാക്കേജ് സ്‌കീം (എംഎസ്‌ഐപിഎസ്), ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകള്‍ (ഇഎംസി), ഇലക്ട്രോണിക്‌സ് ഡവലപ്‌മെന്റ് ഫണ്ട് (ഇഡിഎഫ്) എന്നിവയെ ഏകോപിപ്പിച്ചുള്ളതാണ് ഈ പദ്ധതി.

5.ജി.രമേഷ് ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍

കേരളത്തിനും ലക്ഷദ്വീപ്, മാഹി പ്രദേശങ്ങള്‍ക്കുമായുള്ള ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ ആയി ജി.രമേഷ് ചാര്‍ജെടുത്തു. മുന്‍ റിസര്‍വ് ബാങ്ക് ചീഫ് ജനറല്‍ മാനേജരാണ് രമേഷ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News