ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 5

Update: 2020-02-05 04:30 GMT

1 വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍.പി.ജിയുടെ വിലയില്‍ വന്‍ കുതിപ്പ്

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍.പി.ജി.യുടെ വിലയില്‍ വന്‍ കുതിപ്പ്. ജനുവരി അവസാനം വില തിരുവനന്തപുരത്ത് ലിറ്ററിന് 43.80 ആയിരുന്നത് ഇപ്പോള്‍ 51.23 ആയി. ആഗോളവിപണിയിലെ വിലക്കയറ്റമാണ് രാജ്യത്തും പ്രതിഫലിച്ചതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. 2019 ഓഗസ്റ്റില്‍  36.59 ആയിരുന്നു വില.

2. ജി.എസ്.ടി. നഷ്ടപരിഹാരം: കേരളത്തിനു കിട്ടാനുള്ള കുടിശ്ശിക 3200 കോടി

ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിനു നല്‍കേണ്ട കുടിശ്ശിക 3200 കോടിയായി. രണ്ടുമാസത്തിലൊരിക്കല്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ രണ്ടു ഗഡുവാണ് മുടങ്ങിയത്.

3. പഞ്ചാബ് നാഷണല്‍ ബാങ്കിന് 492 കോടി രൂപയുടെ ത്രൈമാസ നഷ്ടം

പഞ്ചാബ് നാഷണല്‍ ബാങ്ക് ഡിസംബര്‍ അവസാന പാദത്തില്‍ 492 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. എങ്കിലും, ബാങ്കിന്റെ ആസ്തി ഗുണനിലവാരം  മെച്ചപ്പെട്ടു. മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) മൂന്നാം പാദത്തില്‍ 76,809.20 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 77,733.33 കോടി രൂപയായിരുന്നു.

4. ഇന്ത്യ- യു.എസ് വ്യാപാര കരാര്‍ രൂപം കൊള്ളുന്നു

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം അവസാന ആഴ്ചയില്‍ നടത്തുന്ന സന്ദര്‍ശന വേളയില്‍ ഇന്ത്യയും യു.എസും വ്യാപാര കരാര്‍ ഒപ്പിടുന്നതിനുള്ള നീക്കം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. 23 നും 26 നും ഇടയില്‍ നടക്കാനുദ്ദേശിക്കുന്ന രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ തയ്യാറായിവരുന്നു.

5. ചൈനയില്‍ നിന്ന് വിലകുറഞ്ഞ കളിപ്പാട്ടങ്ങളും പടക്കങ്ങളും ഇറക്കുമതി ചെയ്യുന്നത് തടയാന്‍  കസ്റ്റംസ് നിയമ ഭേദഗതി വരുന്നു

ചൈനയില്‍ നിന്ന് വിലകുറഞ്ഞ കളിപ്പാട്ടങ്ങളും പടക്കങ്ങളും ഇറക്കുമതി ചെയ്യുന്നത് തടയുന്നതിന് കസ്റ്റംസ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിയും കയറ്റുമതിയും മാത്രമേ നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരുന്നുള്ളൂ. ധനകാര്യ ബില്ലിലൂടെ എല്ലാ ചരക്കുകളുടെയും ഇറക്കുമതിയും കയറ്റുമതിയും നിരോധിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Similar News