ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 4

Update: 2019-01-04 04:42 GMT

1. ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് 3.35 കോടി രൂപയുടെ നഷ്ടം

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളിൽ 100 കെ.എസ്.ആര്‍.ടി.സി ബസുകൾ തകര്‍ക്കപ്പെട്ടു. ഇതുമൂലം കോര്‍പ്പറേഷന് 3.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ ടോമിന്‍.ജെ.തച്ചങ്കരി പറഞ്ഞു. 

2. 70,000 കോടി രൂപയുടെ കിട്ടാക്കടം മാർച്ചോടെ വീണ്ടെടുക്കും: ജയ്റ്റ്ലി

2019 മാർച്ച് അവസാനത്തോടെ 70,000 കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. 12 വലിയ കേസുകൾ തീർപ്പാവുന്നതോടെയാണിത്. ഭൂഷൺ പവർ സ്റ്റീൽ, എസ്സാർ സ്റ്റീൽ എന്നിവയുടെ ഉടൻ തീർപ്പാകും. നാഷണൽ കമ്പനി ലോ ട്രിബ്യുണൽ ഇതുവരെ 66 കേസുകൾ തീർപ്പാക്കി, 80,000 കോടി രൂപയോളം വീണ്ടെടുത്തിട്ടുണ്ടെന്ന് ജയ്റ്റ്ലി പറഞ്ഞു.

3. അയോധ്യ ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അയോധ്യ രാം ജന്മഭൂമി-ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്ക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വാദം കേൾക്കൽ തിയതി ഇന്ന് തീരുമാനിക്കാനാണ് സാധ്യത. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. കോടതി നടപടികൾ പൂർത്തിയാക്കാതെ ഓർഡിനൻസ് ഇറക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. 

4. 2000 രൂപാ നോട്ടിന്‍റെ അച്ചടി നിർത്തി വയ്ക്കുന്നു

നോട്ട് നിരോധനത്തിനു ശേഷം റിസർവ് ബാങ്ക് പുറത്തിറക്കിയ 2000 രൂപാ നോട്ടിന്‍റെ അച്ചടി കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപാ നോട്ടുകൾ വലിയ തോതില്‍ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

5. ബിഎംഡബ്ല്യു ഇന്ത്യയ്ക്ക് റെക്കോർഡ് വില്പന

ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബിഎംഡബ്ല്യു കഴിഞ്ഞ വർഷം വിറ്റഴിച്ചത് 11,105 കാറുകൾ. 2017 നെ അപേക്ഷിച്ച് 13 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിൽപന 9,800 യൂണിറ്റുകളായിരുന്നു. ബിഎംഡബ്ല്യുവിനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിൽപനയാണിത്. ബിഎംഡബ്ല്യു, ബിഎംഡബ്ല്യു മിനി, ബിഎംഡബ്ല്യു മോട്ടോറാഡ് എന്നിവയുടെയെല്ലാം ചേർന്നുള്ള സംഖ്യയാണിത്. 

Similar News