ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.22

Update: 2018-12-22 05:13 GMT

1. ജിഎസ്ടി കൗൺസിൽ ഇന്ന് യോഗം ചേരും

നിർണ്ണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്. 99 ശതമാനം ഉല്‍പ്പന്നങ്ങളുടേയും ജിഎസ്ടി നിരക്ക് പരമാവധി 18 ശതമാനമായി നിലനിർത്താനാണ് സർക്കാർ ആലോചിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുൻപ് സൂചിപ്പിച്ചിരുന്നു. ജിഎസ്ടി കൗൺസിലും സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച ധാരണയിൽ എത്താനുള്ള ചർച്ചകൾ ഇന്ന് നടക്കും.

2. കെവൈസി ഇല്ല: റദ്ദാക്കിയത് 16.7 ലക്ഷം ഡിൻ

കെവൈസി ചട്ടങ്ങൾ പാലിക്കാത്തതുമൂലം 16.7 ലക്ഷം ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറുകൾ (DIN) ഇതുവരെ ഡീആക്ടിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കമ്പനി ആക്ട് പ്രകാരം ഇലക്ട്രോണിക് രൂപത്തിലുള്ള കെവൈസി സമർപ്പിക്കേണ്ടത് നിർബന്ധമാക്കിയിരുന്നു. ജെയ്റ്റ്ലി ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. ഡിൻ ഡീ-ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാൽ എംസിഎ 21 പോർട്ടലിൽ ഫയലിംഗ് ചെയ്യാൻ സാധിക്കില്ല. ഫീസും ഇ-അപേക്ഷാ ഫോമും നൽകിയാൽ മാത്രമേ നമ്പർ വീണ്ടും ആക്ടിവേറ്റ് ചെയ്യാനാകൂ.

3. വനിതാ മതിലിന് സ്ത്രീ സുരക്ഷാ പദ്ധതി വിഹിതം

വനിതാ മതിൽ സംഘടിപ്പിക്കുന്നതിനുള്ള ഫണ്ട് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തടയുന്നതിനുള്ള വിവിധ സ്കീമുകളിൽ നിന്ന് ലഭ്യമാക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് അറിയിച്ചു. ഏകദേശം 50 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ജനുവരി ഒന്നിനാണ് വനിതാ മതിൽ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ പ്രചാരണ പരിപാടിയാണിതെന്നാണ് സർക്കാർ പറയുന്നത്.

4. ടെലകോം താരിഫ്: ട്രിബ്യുണലിന്റെ ഉത്തരവിനെതിരെ ട്രായ് സുപ്രീംകോടതിയിൽ

ടെലകോം നിരക്കുകളെ സംബന്ധിച്ച തർക്കം സുപ്രീം കോടതിയിലേക്ക്. പ്രഡേറ്ററി പ്രൈസിങ്ങിനെതിരായ ടെലകോം ട്രിബ്യുണൽ വിധിക്കെതിരെ ടെലകോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. നിലവിലെ ട്രായ് ചട്ടങ്ങൾ റിലയൻസ് ജിയോയ്ക്ക് കൂടുതൽ ഗുണം ചെയ്യുന്നവയാണെന്ന് കാണിച്ച് എയർടെൽ, വൊഡാഫോൺ ഐഡിയ കമ്പനികൾ ട്രിബ്യുണലിനെ സമീപിച്ചിരുന്നു. ഹർജിക്കാർക്ക് അനുകൂലമായ വിധിയാണ് ട്രിബ്യുണൽ പ്രഖ്യാപിച്ചത്.

5. ട്രീബോ ഹോട്ടലിനെ ഏറ്റെടുക്കാൻ ഓയോ

ഏറ്റവും അടുത്ത എതിരാളിയായ ട്രീബോ ഹോട്ടലിനെ ഏറ്റെടുക്കാൻ ഓയോ നീക്കം നടത്തുന്നു. ഇതുനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ബെംഗളൂരു ആസ്ഥാനമായ ട്രീബോയ്ക്ക് 400 പ്രോപ്പർട്ടികളിലായി 10,000 റൂമുകളുണ്ട്.

Similar News