ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; സെപ്റ്റംബര്‍ 20

Update: 2019-09-20 04:58 GMT

1. മാന്ദ്യം ചെറുക്കാന്‍ രാജ്യത്തെ 400 ജില്ലകളില്‍ വായ്പാ മേള

സാമ്പത്തിക മാന്ദ്യം ചെറുക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ രാജ്യത്തെ 400 ജില്ലകളില്‍ വായ്പാ മേളകള്‍ സംഘടിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭങ്ങളുടെ (എംഎസ്എംഇ) വായ്പകള്‍ മാര്‍ച്ച് 31 വരെ കിട്ടാക്കടമായി പ്രഖ്യാപിക്കില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

2. അനധികൃത ക്വാറികള്‍ക്ക് സ്‌റ്റോപ് മെമ്മോ; 60 % ഖനനത്തെയും ബാധിക്കും

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും 10 കിലോമീറ്റര്‍ ചുറ്റളവില്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികളും ഉടന്‍ അടച്ചു പൂട്ടാന്‍ സംസ്ഥാന മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്റ്ററുടെ ഉത്തരവ്. സംസ്ഥാനത്തെ 60 % ഖനന പ്രവര്‍ത്തനങ്ങളും ഇപ്രകാരം 10 കിലോമീറ്റര്‍ ചുറ്റളവിലായതിനാല്‍ മുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

3. പിഎഫ് പലിശ 8.65% തന്നെ; വിജ്ഞാപനമിറക്കി

പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ 8.65% ആക്കി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. ഈ സാമ്പത്തിക വര്‍ഷം പിഎഫ്് നിക്ഷേപ പലിശ നിരക്ക് 8.65 ശതമാനമായി നിലനിര്‍ത്താന്‍ ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് നേരത്തെ തീരുമാനിച്ചെങ്കിലും ഇതു കുറയ്ക്കാന്‍ ആവശ്യപ്പെട്ട് ധന മന്ത്രാലയം മുന്നോട്ട് വന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

4. വ്യവസായ ഇടനാഴി; കൊച്ചിയിലും തൃശൂരും ക്ലസ്റ്ററിന് ആലോചന

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ കോയമ്പത്തൂര്‍- കൊച്ചി വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യോഗം ചേരും. പാലക്കാടിനു പുറമെ തൃശൂരിലും എറണാകുളത്തും കൂടി ക്ലസ്റ്ററിന് ആലോചനയുണ്ട്.

5.യുഎസ് കേന്ദ്രബാങ്ക് രണ്ടാം തവണയും പലിശ കുറച്ചു

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം രണ്ടാം തവണയും പലിശ കുറച്ചു. നിരക്ക് 0.25% കുറച്ച് 1.75- 2 ശതമാനം ആക്കി. കഴിഞ്ഞ വര്‍ഷം നാല് തവണ പലിശ ഉയര്‍ത്തിയിരുന്നു.

Similar News