നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 29

Update: 2019-04-29 04:57 GMT

1. 4000 കോടിയുടെ വ്യാജ ജിഎസ്ടി ഇൻവോയിസുകൾ

കഴിഞ്ഞ വർഷം സർക്കാർ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നൽകിയത് 4000 കോടി രൂപയുടെ വ്യാജ ജിഎസ്ടി ഇൻവോയിസുകൾക്ക്. കടലാസു കമ്പനികളെ ഉപയോഗിച്ചുള്ള നികുതി വെട്ടിപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ നിസാരമായ തുകയാണെങ്കിലും ഇത്തരം പ്രവണതകളെ ചെറുക്കാൻ അവയെ പിഎംഎൽഎ ആക്ടിന് കീഴിൽ കൊണ്ടുവരാനുള്ള ആലോചനയിലാണ് സർക്കാർ.

2. രണ്ട് റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്ക് റേറ്റിംഗ് വെട്ടിക്കുറച്ചു

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് കീഴിലുള്ള രണ്ട് കമ്പനികളുടെ റേറ്റിംഗ് വെട്ടിക്കുറച്ചു. ഈ കമ്പനികളുടെ ഡെറ്റ് ഇൻസ്ട്രുമെന്റുകളുടെ റേറ്റിംഗ് ആണ് കെയർ, ഐസിആർഎ എന്നീ ഏജൻസികൾ വെട്ടിക്കുറച്ചത്. റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേർഷ്യൽ ഫിനാൻസ് എന്നിവയുടെ ഡെറ്റ് ഇൻസ്ട്രുമെന്റുകളുടെ റേറ്റിംഗ് ആണ് കുറച്ചത്.

3. ബിഗ് ബാസ്‌ക്കറ്റ് 100 മില്യൺ ഡോളർ നിക്ഷേപിക്കും

സപ്ലൈ ചെയ്ൻ ശക്തിപ്പെടുത്താൻ പ്രമുഖ ഓൺലൈൻ ഗ്രോസറി ഷോപ്പായ ബിഗ് ബാസ്കറ്റ് 100 മില്യൺ ഡോളർ നിക്ഷേപം നടത്തും. ഈയിടെ കമ്പനി 150 മില്യൺ ഡോളർ ഫണ്ടിംഗ് നേടിയിരുന്നു. ഇന്ത്യയിലെ മുൻനിര യൂണികോണുകളിൽ ഒന്നാണ് 2011-ൽ സ്ഥാപിതമായ ബിഗ് ബാസ്കറ്റ്.

4. ഐഎൽ & എഫ്എസ് കേസ്: ഡിലോയ്റ്റിനെ 5 വർഷത്തേയ്ക്ക് നിരോധിച്ചേക്കും

ഐഎൽ & എഫ്എസിന്റെ ഓഡിറ്റിംഗ് പ്രക്രിയയിൽ വീഴ്ച്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡിലോയ്റ്റ് ഹാസ്‌കിൻസ് & സെൽസിനെ സർക്കാർ നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. കോപ്പറേറ്റ് കാര്യ മന്ത്രാലയം കമ്പനീസ് ആക്ടിന്റെ സെക്ഷൻ 140 (5) പ്രകാരം നിരോധനം കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ട്.

5. തിരഞ്ഞെടുപ്പ്: ഓഹരി വിപണികള്‍ക്ക് അവധി

മുംബൈയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തിങ്കളാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കില്ല. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു പുറമെ, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, കമ്മോഡിറ്റി, മെറ്റല്‍, ബുള്ളിയന്‍ വിപണികള്‍ക്കും അവധിയാണ്.

Similar News