ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 7

Update: 2020-02-07 04:26 GMT

1. കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് കൂടി; 2018-19 വര്‍ഷത്തില്‍ 7.5 ശതമാനം

2018-19 വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് കൂടിയെന്നും 2018-19 വര്‍ഷത്തില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 7.5 ശതമാനമായെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയതലത്തില്‍ വളര്‍ച്ചാ നിരക്ക് 6.9 ശതമാനമാണ്.ചെറുകിട വ്യവസായം, ഐടി എന്നീ മേഖകളില്‍ ഈ കാലഘട്ടത്തില്‍ കുതിപ്പുണ്ടായി. ഏറ്റവും വേഗതയില്‍ വളര്‍ന്നത് വ്യവസായ മേഖലയാണ് 8.8 ശതമാനം.

2. ആളോഹരി വരുമാനം 1,48,078 രൂപ

കേരളത്തിന്റെ ആളോഹരി വരുമാനം 1,48,078 രൂപയാണെന്ന് നിയമസഭയില്‍ വെച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ദേശീയ ശരാശരി 93,655 മാത്രമാണ്. സംസ്ഥാന ആളോഹരി വരുമാനം ദേശീയ ശരാശരിയുടെ 1.6 ഇരട്ടി ഉയര്‍ന്ന് ഹരിയാണ, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കൊപ്പമെത്തി.

3. ആഭ്യന്തര കടം 11.49 ശതമാനം ഉയര്‍ന്നു

സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 11.49 ശതമാനം ഉയര്‍ന്നു. മൊത്തം കടബാധ്യത 2,35,631 കോടിയായി. മൊത്തം കടത്തിന്റെ 64 ശതമാനം വരുന്ന ആഭ്യന്തര കടബാധ്യത 2017-18ലെ 1,35,500.53 കോടി രൂപയില്‍നിന്ന് 2018-19ല്‍ 1,50,991.03 കോടിയായി ഉയര്‍ന്നു.

4. ധനക്കമ്മി പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ നോട്ട് അച്ചടിക്കില്ല

രാജ്യം നേരിടുന്ന ധനക്കമ്മി പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ നോട്ട് അച്ചടിക്കില്ലെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ധനക്കമ്മി ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ധനക്കമ്മി 3.8 ശതമാനമാക്കിയാണ് കേന്ദ്ര ബജറ്റില്‍ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിലിത് 3.3 ശതമാനമായിരുന്നു.

5. അഞ്ഞൂറു പാസഞ്ചര്‍ തീവണ്ടികളും 750 സ്റ്റേഷനുകളും 2025-ഓടെ സ്വകാര്യവത്കരിക്കും

അഞ്ഞൂറു പാസഞ്ചര്‍ തീവണ്ടികളും 750 സ്റ്റേഷനുകളും 2025-ഓടെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയം തയ്യാറാക്കി. റെയില്‍വേ സ്വകാര്യനിക്ഷേപത്തിനായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായാണിത്. താത്പര്യമുള്ള കക്ഷികളില്‍നിന്ന് പ്രതികരണം തേടി യോഗ്യതയുടെയും മറ്റും വിശദാംശങ്ങള്‍ നീതി ആയോഗിന്റെയും റെയില്‍വേയുടെയും വെബ്സൈറ്റിലിട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News