നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 9

Update: 2019-05-09 04:59 GMT

1. കൊച്ചിയിലെ 5 ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണം: സുപ്രീംകോടതി

മരട് നഗരസഭയിൽ 5 ഫ്ലാറ്റ് സമുച്ചയങ്ങൾ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി വിധി. തീരദേശമേഖലാ ചട്ടം ലംഘിച്ച് നിർമിച്ചവയാണ് ഈ സമുച്ചയങ്ങളെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്. നെട്ടൂർ ആൽഫ വെഞ്ചേഴ്സ്, കുണ്ടന്നൂർ ഹോളി ഫെയ്ത് എച്ച്ടുഒ, ഹോളിഡേ ഹെറിറ്റെജ്, നെട്ടൂർ ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയാണ് പൊളിക്കാൻ ഉത്തരവായത്. 350 യോളം ഫ്ലാറ്റുകലാണ് ആകെയുള്ളത്.

2. 'നാഷണൽ ബിസിനസ് രജിസ്റ്റർ' രൂപീകരിക്കും

രാജ്യത്തെ സാമ്പത്തിക സ്വഭാവമുള്ള സ്ഥാപങ്ങൾക്കായി 'നാഷണൽ ബിസിനസ് രജിസ്റ്റർ' രൂപീകരിക്കും. ഇത് ആവശ്യാനുസരണം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഇക്കണോമിക് എസ്റ്റാബ്ലിഷ്‌മെന്റുകളുടെ ഇക്കണോമിക് സെൻസസ് ജൂണിൽ ആരംഭിക്കും. ഈ വിവരങ്ങൾ രജിസ്റ്ററിൽ ഉൾപ്പെടുത്തും.

3. 368 കോടി രൂപയുടെ മൈൻഡ്ട്രീ ഷെയറുകൾ വാങ്ങി എൽ&ടി

സോഫ്റ്റ്‌വെയർ കമ്പനിയായ മൈൻഡ്ട്രീയിലെ 368 കോടി രൂപയുടെ ഓഹരികൾ എൽ&ടി വാങ്ങി. ഓപ്പൺ മാർക്കറ്റ് ട്രാന്സാക്ഷനിലൂടെയാണ് ഓഹരികൾ വാങ്ങിയത്. 37.53 ലക്ഷം ഓഹരികളാണ് വാങ്ങിയതെന്ന് എൻഎസ്ഇ ഫയലിംഗിൽ എൽ&ടി വ്യക്തമാക്കി. ഒരാഴ്ചമുൻപ് ജി സിദ്ധാർത്ഥയുടേയും കോഫീ ഡേയുടേയും മൈൻഡ്ട്രീയിലുള്ള 20% ഓഹരികൾ എൽ&ടി വാങ്ങിയിരുന്നു.

4. ജിഡിപി സീരിസിൽ തെറ്റില്ലെന്ന് സർക്കാർ

ജിഡിപി കണക്കുകൂട്ടുന്നതിനുള്ള പുതിയ സീരീസിൽ തെറ്റില്ലെന്ന് കേന്ദ്രസർക്കാർ. പുതിയ സീരീസ് അടിസ്ഥാനമാക്കി ജിഡിപി കണക്കുകൂടുതുന്നതിൽ അപാകതകളുണ്ടെന്ന് NSSO അറിയിച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ നിർദേശിച്ചിട്ടുള്ള ഏറ്റവും പുതിയ 2008 SNA സ്റ്റാൻഡേർഡ്‌സ് ഉപയോഗിച്ചാണ് ജിഡിപി സീരീസ് നിശ്ചയിച്ചിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

5. ഇന്ത്യയിൽ ടാറ്റയ്‌ക്കോപ്പം സംയുക്ത സംരംഭത്തിന് ചൈനയുടെ ചെറി ഓട്ടോമൊബൈൽ

ചൈനീസ് സർക്കാരിന് കീഴിലുള്ള വാഹനനിർമാണ കമ്പനിയായ ചെറി ഓട്ടോമൊബൈൽ കോ. ലിമിറ്റഡ് ടാറ്റ മോട്ടോഴ്‌സുമായി ചർച്ചയിൽ. ഇന്ത്യയിൽ സംയുക്ത സംരംഭം ആരംഭിക്കുന്നതിനായിട്ടാണ് ചർച്ച.

Similar News