നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 13

Update: 2019-05-13 04:55 GMT

1. എൻബിഎഫ്‌സി പ്രതിസന്ധി കയ്യെത്തും ദൂരത്ത്: കോർപറേറ്റ് കാര്യ സെക്രട്ടറി

രാജ്യത്തെ ബാങ്കിതര ധനകാര്യ (എൻബിഎഫ്‌സി) മേഖല വലിയൊരു പ്രതിസന്ധിയുടെ വക്കിലാണെന്ന് കേന്ദ്ര കോർപറേറ്റ് കാര്യ സെക്രട്ടറി ഐ.ശ്രീനിവാസ് പറഞ്ഞു. വായ്പാ ലഭ്യതക്കുറവ്, അസറ്റ്/ലയബിലിറ്റി എന്നിവയുടെ അന്തരം, ചില വൻ കമ്പനികളുടെ തെറ്റായ നയങ്ങൾ എന്നിവ ഈ രംഗത്ത് ഒരു വലിയ പ്രതിസന്ധിക്കുള്ള അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2. ഹിന്ദുജ സഹോദരന്മാർ യുകെ അതിസമ്പന്നരിൽ ഒന്നാമതെത്തി

ഇന്ത്യൻ വംശജരായ ഹിന്ദുജ സഹോദരന്മാർ യുകെ അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത്. 22 ബില്യൺ പൗണ്ട് ആണ് അവരുടെ മൊത്തം ആസ്തി. രണ്ടാം സ്ഥാനം മുബൈയിൽ ജനിച്ച റൂബെൻ സഹോദരന്മാർക്കാണ്. അതേസമയം ലക്ഷ്മി മിത്തൽ അഞ്ചാം സ്ഥാനത്തുനിന്നും 11 മത്തെ സ്ഥാനത്തെത്തി.

3. ജെറ്റ് എയർവേയ്‌സിനായി എത്തിഹാദ് സമർപ്പിച്ചത് നോൺ-ബൈൻഡിങ് ബിഡ്

ജെറ്റ് എയർവേയ്‌സിന്റെ 4 ബിഡ്ഡർമാരിൽ ഒന്നായ എത്തിഹാദ് സമർപ്പിച്ചത് നോൺ-ബൈൻഡിങ് ബിഡ്. മെയ് 10 നാണ് എല്ലാ ബിഡുകളും സമർപ്പിച്ചത്. നിലവിൽ ജെറ്റിൽ എത്തിഹാദിന് 24 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. തങ്ങൾക്കൊപ്പം മറ്റ് നിക്ഷേപകർ കൂടി ചേർന്നാലേ ജെറ്റിനെ രക്ഷപ്പെടുത്താനാവൂ എന്നും എത്തിഹാദ് പറഞ്ഞു.

4. പേടിഎം മാൾ ക്യാഷ് ബാക്ക് തട്ടിപ്പ് അന്വേഷിക്കാൻ ഏൺസ്റ്റ് & യങ്

പേടിഎം മാളുമായി ബന്ധപ്പെട്ട 'ക്യാഷ് ബാക്ക്' തട്ടിപ്പ് അന്വേഷിക്കാൻ പ്രമുഖ ഓഡിറ്റ് കമ്പനിയായ ഏൺസ്റ്റ് & യങ്ങിനെ പേടിഎം നിയമിച്ചു. പേടിഎം ജീവനക്കാരിൽ ചിലർ വെണ്ടർമാരുടെ വ്യാജ ലിസ്റ്റ് തയ്യാറാക്കി പണം തട്ടിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.

5. സ്കിൻ കെയർ ബ്രാൻഡായ ഡ്രങ്ക് എലഫന്റിനെ ഏറ്റെടുക്കാൻ യൂണിലിവർ

യുഎസ് സ്‌കിൻ കെയർ ബ്രാൻഡായ ഡ്രങ്ക് എലഫന്റിനെ ഏറ്റെടുക്കാൻ യൂണിലിവറിന്റെ 1 ബില്യൺ ഡോളർ ഓഫർ. 2012-ൽ ടിഫാനി മാസ്റ്റേഴ്സ്സൺ സ്ഥാപിച്ച കമ്പനിയാണ് ഡ്രങ്ക് എലഫന്റ്. വളർച്ച മുരടിച്ച ബ്രാൻഡുകളെ ഒഴിവാക്കി പുതിയ നീഷ് ഉത്പന്നങ്ങളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് യൂണിലിവർ. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ ഏറ്റെടുക്കലുകൾ.

Similar News