നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 20

Update: 2019-06-20 04:56 GMT

1. മുദ്ര സ്കീമിന് കീഴിലുള്ള വായ്പാ പരിധി ഇരട്ടിയാക്കാൻ ശുപാർശ

ചെറുകിട വ്യാപാരികൾക്ക് മുദ്ര സ്കീമിന് കീഴിലുള്ള വായ്പാ പരിധി ഇരട്ടിയാക്കാൻ ആർബിഐ പാനൽ ശുപാർശ ചെയ്തു. വായ്പാ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയാക്കി ഉയർത്താനാണ് എംഎസ്എംഇകളുടെ ഫണ്ട് ലഭ്യതയെക്കുറിച്ച് പഠിച്ച പാനൽ നിർദേശിച്ചിരിക്കുന്നത്. സെബി മേധാവി യു.കെ സിൻഹ അധ്യക്ഷനായുള്ള പാനൽ ചൊവ്വാഴ്ചയാണ് ആർബിഐയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

2. അപ്പോളോ മ്യൂണിക്കിനെ ഏറ്റെടുക്കാൻ എച്ച്ഡിഎഫ്സി

പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ അപ്പോളോ മ്യൂണിക് ഹെൽത്തിനെ 1,347 കോടി രൂപയ്ക്ക് എച്ച്ഡിഎഫ്സി ഏറ്റെടുക്കും. സ്ഥാപനത്തിന്റെ 51.2 ശതമാനം ഓഹരിയാണ് വാങ്ങുക. ഏറ്റെടുത്ത ശേഷം അപ്പോളോ മ്യൂണിക്കിനെ എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനിയിൽ ലയിപ്പിക്കും. അപ്പോളോ ഹോസ്പിറ്റൽസും ജർമനിയിലെ ഇൻഷുറൻസ് കമ്പനിയായ മ്യൂണിക് ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭമാണ് അപ്പോളോ മ്യൂണിക്.

3. ഇലക്ട്രിക് വാഹങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കും

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്യും. ൧൯൮൯ ലെ മോട്ടോർ വാഹന ചട്ടത്തിലെ 81 മത്തെ നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. ഇതിനായി ഗതാഗത വകുപ്പ് ആസാധാരണ കരട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

4. 2020 മുതൽ റെനോ ഡീസൽ കാറുകൾ നിർത്തും

മാരുതി സുസുക്കിയ്ക്ക് പിന്നാലെ ഡീസൽ കാറുകളുടെ വില്പന നിർത്താൻ ഫ്രഞ്ച് കാർ നിർമാതാവായ റെനോ. ബിഎസ്-6 ചട്ടങ്ങൾ നിലവിൽ വരുന്ന 2020 ഏപ്രിലോടെയാണ് വില്പന നിർത്തുക. പുതിയ ചട്ടങ്ങൾക്കനുസരിച്ച് ഡീസൽ എൻജിൻ അപ്ഗ്രേഡ് ചെയ്യണമെങ്കിൽ ചെലവേറുമെന്നതാണ് ഇങ്ങനെയൊരു നീക്കത്തിന് കമ്പനികളെ പ്രേരിപ്പിക്കുന്നത്.

5. ഹാർലി ഡേവിഡ്‌സൺ ഹീറോ മോട്ടോകോർപ്പുമായി ചർച്ചയിൽ

യുഎസ് കമ്പനിയായ ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്ക് നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പുമായി കൈകോർക്കും. ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ഹാർലി ഡേവിഡ്‌സന്റെ 250-500സിസി മോട്ടോർ സൈക്കിളുകളുടെ ഉല്പാദനം ഔട്ട് സോഴ്സ് ചെയ്യാനാനാണ് പദ്ധതി. അതുവഴി ഇവയുടെ വില കുറയ്ക്കുകയാണ് ലക്ഷ്യം. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തർക്കത്തിലെ പ്രധാന വിഷയമാണ് ഹാർലി ഡേവിഡ്‌സണ് ഇന്ത്യ ചുമത്തുന്ന തീരുവ.

Similar News