ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബർ 10

Update: 2019-12-10 04:53 GMT

1.പെട്രോള്‍ വിലയില്‍ കുതിപ്പ്

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്നതിന്റെ ചുവടുപിടിച്ച് രാജ്യത്ത് പെട്രോള്‍ വില ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. കൊച്ചിയില്‍ ലിറ്ററിന് 77.25 രൂപയായി. നവംബര്‍ ഒമ്പതിന് 74.96 രൂപയായിരുന്നു. ഡീസലിന് നേരിയ വില വര്‍ദ്ധനവേയുള്ളൂ. 69.55 രൂപയില്‍നിന്ന് 69.99 രൂപയായി.

2.കേന്ദ്ര ജിഎസ്ടി വരുമാനം ബജറ്റ് എസ്റ്റിമേറ്റിലും 40 ശതമാനം കുറഞ്ഞു

കേന്ദ്ര ജിഎസ്ടി വരവ് 2019-20 ഏപ്രില്‍-നവംബര്‍ കാലയളവില്‍ ബജറ്റ് എസ്റ്റിമേറ്റിലും 40 ശതമാനം കുറഞ്ഞു. ഈ കാലയളവില്‍ 328365 കോടി രൂപയാണ് ലഭിച്ചത്. 526000 കോടി രൂപയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ് എന്ന് ധനമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ലോക്‌സഭയില്‍ രേഖാമൂലം മറുപടി നല്‍കി.

3.ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നവംബറില്‍ കുറഞ്ഞു

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലെ പുതിയ നിക്ഷേപത്തുക മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ഈ നവംബറിലായിരുന്നെന്ന കണക്കുകള്‍ പുറത്തുവന്നു. 1,311 കോടി രൂപ. മുന്‍ മാസത്തെ അപേക്ഷിച്ച് ഇത് 78 ശതമാനം കുറവാണ്.

4.റിസര്‍വ് ബാങ്കിനെതിരെ നിയമ യുദ്ധത്തിന് ചന്ദ കൊച്ചാര്‍

ഐസിഐസിഐ ബാങ്കിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചന്ദ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിനും റിസര്‍വ് ബാങ്കിനുമെതിരെ നിയമ യുദ്ധത്തിന്. ജനുവരി 31 ന് തന്നെ ഐസിഐസിഐ ബാങ്ക് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് ശേഷം മാര്‍ച്ച് 13 നാണ് റിസര്‍വ് ബാങ്ക് ഇതിനായി മാനേജ്മെന്റിന് സമ്മതം നല്‍കിയതെന്നും മുന്‍കൂട്ടി അംഗീകാരമില്ലാതെയുള്ള പിരിച്ചുവിടല്‍ ക്രമപ്രകാരമല്ലെന്നും അവര്‍ ബോംബെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു.

5.എന്‍ ശ്രീനാഥ് ടാറ്റ ട്രസ്റ്റിന്റെ തലപ്പത്തേക്ക്

രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായ ടാറ്റ ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആയി എന്‍ ശ്രീനാഥ് നിയമിതനാകാന്‍ സാധ്യത. വര്‍ഷങ്ങള്‍ക്ക് മുമ്പ് രത്തന്‍ ടാറ്റയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായിരുന്ന ശ്രീനാഥ് (57) അടുത്ത വര്‍ഷം ആദ്യം പുതിയ റോളിലേക്ക് ചുവടുവെക്കുമെന്നാണ് സൂചന.ടാറ്റ ടെലി സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ ആണ് ഇപ്പോള്‍ അദ്ദേഹം.ആറ് ട്രസ്റ്റുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിനെച്ചൊല്ലി ടാറ്റ ട്രസ്റ്റുകള്‍ നിയമപരമായ കുഴപ്പത്തില്‍ അകപ്പെട്ട സമയമാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News