ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബർ 11

Update: 2019-12-11 04:25 GMT

1.ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

നികുതി വരുമാനം പ്രതീക്ഷിച്ചപോലെ വളരാത്ത സാഹചര്യത്തില്‍ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കേന്ദ്രം കടന്നേക്കുമെന്ന് സൂചന. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴു മാസക്കാലയളവില്‍ (ഏപ്രില്‍-ഒക്ടോബര്‍) 10.52 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ നികുതി വരുമാനം. മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 1.22 ശതമാനം മാത്രമാണ് വര്‍ദ്ധന.

2.ഗോവയില്‍ വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ 30 ശതമാനം കുറവ്

ഗോവയിലെ വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ ഇതുവരെ ഈ വര്‍ഷം 30 ശതമാനം കുറവു വന്നതായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍. എന്നാല്‍, ഈ മാസം അവസാനം നടക്കുന്ന കാര്‍ണിവല്‍ പരിപാടികള്‍ ഈ സാഹചര്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഗോവ ട്രാവല്‍ ആന്‍ഡ് ടൂറിസം അസോസിയേഷന്‍ സെക്രട്ടറി ജാക്ക് സെക്വീറ പറഞ്ഞു.കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തീരദേശ സംസ്ഥാനത്തെ വിദേശ വിനോദ സഞ്ചാരികളുടെ പട്ടികയില്‍ റഷ്യക്കാര്‍ ഒന്നാമതാണ്. 2018 ല്‍ ഏകദേശം 300,000 റഷ്യക്കാര്‍ എത്തി.

3.പാസഞ്ചര്‍ വാഹന വില്‍പ്പന ഉയരുന്നില്ലെങ്കിലും ഉത്പാദനം കൂട്ടി

ഇന്ത്യയില്‍ പാസഞ്ചര്‍ വാഹന ഉത്പാദനം നവംബറില്‍ 4.06 ശതമാനം ഉയര്‍ന്ന് 290,727 ആയതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വില്‍പ്പനയില്‍ ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം നവംബറില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പന 266,000 ആയിരുന്നു. ഈ വര്‍ഷം സമാനകാലയളവില്‍ 263,773.

4.തൊഴിലില്ലായ്മ വര്‍ധിച്ചതായി സമ്മതിച്ച് കേന്ദ്ര തൊഴില്‍ മന്ത്രി

രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതായി തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്‌വാര്‍ ലോക്‌സഭയില്‍ ടി എന്‍ പ്രതാപന്റെ ചോദ്യത്തിനുളള മറുപടിയില്‍ വ്യക്തമാക്കി. 2013- 14 ല്‍ 2.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2017- 18 ല്‍ 6.1 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ തൊഴില്‍ സമ്പത്തിലും ഇടിവുണ്ടായി. 2013- 14 ല്‍ രാജ്യത്തെ തൊഴില്‍ സമ്പത്ത് 58.8 ശതമാനമായിരുന്നത് 2017- 18 ല്‍ 34.7 ശതമാനമായി കുറഞ്ഞു.

5.ഒറാക്കിള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് വിശാല്‍ സിക്ക

മുന്‍ ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക ആഗോള സാങ്കേതിക കമ്പനിയായ ഒറാക്കിളിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. അടുത്തിടെ വിശാല്‍ സിക്ക തന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ വിയാനായ് സിസ്റ്റംസ് പുറത്തിറക്കിയിരുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ് എന്നിവയില്‍ ലോകത്തിലെ പ്രമുഖ വിദഗ്ധരില്‍ ഒരാളാണ് 52കാരനായ സിക്ക. ഒറാക്കിളിന്റെ ബിസിനസിനെ സഹായിക്കാന്‍ സിക്കയുടെ സേവനം ഗുണകരമാകുമെന്ന് കമ്പനി അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News