ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബർ 1

Update: 2019-12-12 04:25 GMT

1.ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍മാന്‍ ഉദ്ധവ് താക്കറെയെ കാണും

ബിജെപി സര്‍ക്കാര്‍ തുടക്കമിട്ട മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുതിയതായി ചുമതലയേറ്റ ശിവസേന സര്‍ക്കാര്‍ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പദ്ധതിക്ക് വേണ്ടി വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ചയ്ക്കൊരുങ്ങുന്നു. പദ്ധതി സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കാനാണ് ഈ കൂടിക്കാഴ്ചയെന്ന് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു.

2.പി.എഫ് വിഹിതം 10 ശതമാനമാക്കി കുറയ്ക്കാന്‍ നീക്കം

പ്രോവിഡന്റ് ഫണ്ടിലേക്കുള്ള പ്രതിമാസ വിഹിതം 12 ശതമാനത്തില്‍നിന്ന് പത്തായി കുറയ്ക്കാന്‍ നിര്‍ദേശം. പി.എഫ്.പെന്‍ഷനില്‍നിന്ന് ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് (എന്‍.പി.എസ്.) വേണമെങ്കില്‍ മാറാമെന്ന നിര്‍ദേശം ബി.എം.എസ്. അടക്കമുള്ള ട്രേഡു യൂണിയനുകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നു പിന്‍വലിച്ചു.തൊഴില്‍മന്ത്രി സന്തോഷ് ഗംഗവാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച സാമൂഹിക സുരക്ഷാ കോഡിലാണ് ഈ വ്യവസ്ഥകളുള്ളത്.

3.തൊഴില്‍ സൗഹൃദ സ്ഥാപന പട്ടികയില്‍ സിലിക്കണ്‍വാലി സ്ഥാപനങ്ങള്‍ താഴെ

ലോകത്തെ മികച്ച തൊഴില്‍ സൗഹൃദ സ്ഥാപനങ്ങളുടെ പട്ടികയില്‍ ക്ലൗഡ് കംപ്യൂട്ടിങ് സോഫ്റ്റ് വെയര്‍ കമ്പനിയായ ഹബ്സ്പോട്ട് ഒന്നാം സ്ഥാനത്ത്. ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ സിലിക്കണ്‍വാലി സ്ഥാപനങ്ങള്‍ പത്തു സ്ഥാനങ്ങള്‍ക്കുള്ളില്‍ പോലുമില്ല.
കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്കിന്റെ നിലവിലെ റാങ്ക് 23 ആയി. ഗ്ലാസ്ഡോര്‍സിന്റെ വാര്‍ഷിക റാങ്കിങ് പട്ടികയിലാണ് ഈവിവരങ്ങളുള്ളത്.

4.അദാനി ഇലക്ട്രിസിറ്റിയില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോരിറ്റി 3200 കോടി രൂപ നിക്ഷേപിക്കും

മുംബൈയിലെ അദാനി ഇലക്ട്രിസിറ്റിയുടെ 25.1 ശതമാനം ഓഹരികള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോരിറ്റി വാങ്ങും. 3200 കോടി രൂപയുടേതാകും ഇടപാട്. മുംബൈയില്‍ 30 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നത് അദാനി ഇലക്ട്രിസിറ്റിയാണ്.
കരാറിന്റെ ഭാഗമായി അദാനി പവര്‍ ലിമിറ്റഡ് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 30 ശതമാനം സോളാര്‍, കാറ്റ് എന്നിവയില്‍ നിന്ന് ഉത്പാദിപ്പിക്കും.

5.നിസാന്‍ ജനുവരി മുതല്‍ 5 % വില ഉയര്‍ത്തും

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ് എന്നിവയ്ക്ക് പിന്നാലെ നിസാനും ജനുവരി മുതല്‍ വില ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. ഉത്പാദനച്ചെലവേറിയ പശ്ചാത്തലത്തില്‍ എല്ലാ മോഡലുകള്‍ക്കും അഞ്ചു ശതമാനം വരെ വിലവര്‍ദ്ധനയാണ് നിസാന്‍ പ്രഖ്യാപിച്ചത്. ഉപസ്ഥാപനമായ ഡാറ്റസണിന്റെ മോഡലുകള്‍ക്കും വില ഉയരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News