ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബർ 16

Update: 2019-12-16 04:28 GMT

1.സാമ്പത്തിക മാന്ദ്യം: പ്രധാനമന്ത്രി മുന്‍കയ്യെടുത്ത് 21ന് ഉന്നത തല യോഗം

സാമ്പത്തിക മാന്ദ്യം ചര്‍ച്ച ചെയ്യാന്‍ ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി. ജിഎസ്ടി നിരക്കുകള്‍ കൂടിയേക്കുമെന്ന സൂചനകള്‍ക്കിടെ നിര്‍ണ്ണായക കൗണ്‍സില്‍ യോഗം ബുധനാഴ്ച ചേരും. സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് മാന്ദ്യത്തിന്റെ കാരണങ്ങള്‍ തേടി പ്രധാനമന്ത്രി തന്നെ രംഗത്തെത്തുന്നത്.

2.വ്യാപാര തര്‍ക്കത്തില്‍ അയവ്; അധിക ഇറക്കുമതി തീരുവ ചൈന കുറച്ചു

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി തീരുവ ചൈന കുറച്ചു. ഇതോടെ ആഗോള തലത്തില്‍ തന്നെ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച വ്യാപാര തര്‍ക്കത്തിന് അറുതിയാവും എന്നാണ് കരുതുന്നത്. ചില ഉല്‍പ്പന്നങ്ങള്‍ക്ക് പത്ത് ശതമാനവും അഞ്ച് ശതമാനവും ഇറക്കുമതി തീരുവയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

3.പ്രവാസി ഡിവിഡന്‍ഡ് സ്‌കീം: ബാങ്ക് ഓഫ് ബറോഡയും വെല്‍ഫെയര്‍ ബോര്‍ഡും ധാരണയില്‍

ജോലിയില്‍ നിന്ന് വിരമിക്കുന്ന പ്രവാസി മലയാളികള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ പ്രവാസി ഡിവിഡന്‍ഡ് സ്‌കീമിന്റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയും കേരള നോണ്‍ റെസിഡന്റ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ബോര്‍ഡും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു. ബാങ്ക് ഓഫ് ബറോഡയ്ക്കു വേണ്ടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജെ. രാമഗോപാലും വെല്‍ഫെയര്‍ ബോര്‍ഡിന് വേണ്ടി സി.ഇ.ഒ എം. രാധാകൃഷ്ണനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

4.ഏഷ്യയിലെ വിശ്വാസ്യതയേറിയ കമ്പനിക്കുള്ള പുരസ്‌കാരം നിറ്റാ ജലാറ്റിന്‍ ഇന്ത്യയ്ക്ക്

നിറ്റാ ജലാറ്റിന്‍ ഇന്ത്യയ്ക്ക് ഏഷ്യയിലെ ഏറ്റവും വിശ്വാസ്യതയേറിയ കമ്പനിക്കുള്ള പുരസ്‌കാരം. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് കോര്‍പ്പറേഷന്‍ - അമേരിക്ക ഏര്‍പ്പെടുത്തിയ ഏഷ്യാസ് മോസ്റ്റ് ട്രസ്റ്റഡ് കമ്പനീസ് പുരസ്‌കാം ബാങ്കോക്കില്‍ നടന്ന ചടങ്ങില്‍ നിറ്റാ ജലാറ്റിന്‍  ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ. മേനോന്‍ ഏറ്റുവാങ്ങി.

5.ഫര്‍ണിച്ചര്‍ വ്യവസായത്തിനു പ്രത്യേക സാമ്പത്തിക മേഖല സര്‍ക്കാരിന്റെ പരിഗണനയില്‍

ഫര്‍ണിച്ചര്‍ വ്യവസായത്തിനു പ്രത്യേക സാമ്പത്തിക മേഖലയയുടെ പരിഗണന ലഭ്യമാക്കുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനയിലുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.  ഫര്‍ണിച്ചര്‍ മാനുഫാക്ചേഴ്സ് ആന്‍ഡ് മര്‍ച്ചന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ കറുകുറ്റി  അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ ഫിഫെക്സ്  എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News