ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 2

Update: 2020-01-02 04:47 GMT

1.കേന്ദ്രത്തിന് ആശ്വാസം;ജി.എസ്.ടി സമാഹരണം വീണ്ടും ലക്ഷം കോടി കടന്നു

കേന്ദ്ര സര്‍ക്കാരിന് ആശ്വാസം പകര്‍ന്ന്, ജി.എസ്.ടി സമാഹരണം വീണ്ടും ഒരുലക്ഷം കോടി രൂപ കടന്നു. ഡിസംബറില്‍ നേടിയത് 1.03 ലക്ഷം കോടി രൂപയാണ്. നവംബറിലും 1.03 ലക്ഷം കോടി രൂപ ലഭിച്ചിരുന്നു. ആഭ്യന്തര ഉപഭോഗവും സാമ്പത്തിക ഇടപാടുകളും മെച്ചപ്പെടുന്നു എന്നതിന്റെ സൂചനയായാണ് ജി.എസ്.ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടി രൂപ കടന്നതിനെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.

2.കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി 115 ശതമാനമായി

ഇന്ത്യയുടെ ധനക്കമ്മി ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 114.8 ശതമാനമായി. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സാണ് (സിജിഎ) ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. നവംബര്‍ വരെയുളള കണക്കുകള്‍ പ്രകാരം 8.07 ലക്ഷം കോടി രൂപയാണ് വരുമാനവും ചെലവും തമ്മിലുളള അന്തരമായ ധനക്കമ്മി.

3.ചാനല്‍ നിരക്കുകള്‍ ട്രായ് വീണ്ടും കുറച്ചു; മാസം 160 രൂപയ്ക്ക് എല്ലാ സൗജന്യ ചാനലും

ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാന്‍ ട്രായ് (ടെലികോം െറഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ച് ഭേദഗതി വരുത്തി. ഇതുപ്രകാരം എല്ലാ സൗജന്യ ചാനലും കാണാന്‍ ഇനി നല്‍കേണ്ടത് 160 രൂപയാണ്. നേരത്തേ 100 ചാനല്‍ കാണുന്നതിന് 130 രൂപയും നികുതിയും ഉള്‍പ്പെടെ 153.40 രൂപ നല്‍കണമായിരുന്നു. പുതിയ ഭേദഗതിപ്രകാരം 153 രൂപയ്ക്ക് 200 സൗജന്യ ചാനല്‍ ലഭിക്കും.

4.മലയാളിയായ ഡോ. ജോണ്‍ ജോസഫ് സിബിഐസി ചെയര്‍മാന്‍

മലയാളിയായ ഡോ. ജോണ്‍ ജോസഫ് സിബിഐസി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സ് ആന്‍ഡ് കസ്റ്റംസ്) ചെയര്‍മാനായി നിയമിതനായി. ഇന്ത്യന്‍ റെവന്യു സര്‍വീസിലെ 1983 ബാച്ച് ഓഫീസറാണ് കോട്ടയം സ്വദേശിയായ ജോണ്‍ ജോസഫ്.

5.കാഴ്ച പരിമിതരെ സഹായിക്കാന്‍ 'മണി' ആപ്ലിക്കേഷനുമായി ആര്‍ബിഐ

കാഴ്ച പരിമിതര്‍ക്ക് കറന്‍സി നോട്ടുകളുടെ മൂല്യം തിരിച്ചറിയുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 'മണി' ആപ്ലിക്കേഷന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ദ ദാസ് ഉദ്ഘാടനം ചെയ്തു. പ്ലേ സ്റ്റോര്‍ വഴിയും, ഐഒഎസ് ആപ്പ് സ്റ്റോര്‍ വഴിയും  ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News