ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.17

Update: 2018-12-17 04:36 GMT

1. ഐഎൽ & എഫ്എസ്: ട്രിബ്യുണൽ ഇന്ന് വാദം കേൾക്കും

സാമ്പത്തിക പ്രതിസന്ധിയിലായ ഐഎൽ & എഫ്എസുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് കാര്യ മന്ത്രാലയം നൽകിയിരിക്കുന്ന ഹർജിയിന്മേൽ നാഷണൽ കമ്പനി ലോ അപ്പല്ലേറ്റ് ട്രിബ്യുണൽ ഇന്ന് വാദം കേൾക്കും. ഐഎൽ & എഫ്എസിന്റെയും അനുബന്ധ കമ്പനികളുടെയും വായ്പാ തിരിച്ചടവിന് 90 ദിവസത്തെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ട്രിബ്യുണലിന്റെ വിധി വന്ന ശേഷം വിഷയവുമായി ബന്ധപ്പെട്ട് ആർബിഐയെ സമീപിക്കണമോ എന്ന കാര്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ തീരുമാനിക്കും.

2. റിക്രൂട്ട്മെന്റ് ഉയർത്താൻ പൊതുമേഖലാ ബാങ്കുകൾ

പുതുവർഷത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ പൊതുമേഖലാ ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, സിന്ഡിക്കേറ്റ് ബാങ്ക് എന്നിവരാണ് നിയമനങ്ങൾ നടത്താൻ ഒരുങ്ങുന്നത്.

3. ഹോസ്പിറ്റാലിറ്റി മേഖല നാല് വർഷം കൊണ്ട് 9-10% വളരും: റിപ്പോർട്ട്

ഹോസ്പിറ്റാലിറ്റി മേഖല നാല് വർഷം കൊണ്ട് 9-10 ശതമാനം വളർച്ചനേടുമെന്ന് റിപ്പോർട്ട്. റേറ്റിംഗ് ഏജൻസി ഐസിആർഎയുടെ പഠനപ്രകാരം, ഇന്ത്യൻ വിപണിയിൽ ഉപഭോകതാക്കളുടെ എണ്ണം വർധിക്കുന്നതാണ് കാരണം. എന്നാൽ ഡിമാൻഡ് കൂടുന്നതനുസരിച്ച് മേഖലയിൽ സപ്ലൈ കൂടുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

4. സ്ക്രീനിന്റെ വലിപ്പം: ആപ്പിളിനെതിരെ കേസ്

സ്ക്രീനിന്റെ വലിപ്പം സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ചെന്നാരോപിച്ച് യുഎസിൽ ആപ്പിളിനെതിരെ കേസ്. പരാതിയനുസരിച്ച് പുതിയ ഫോണുകൾക്കാണ് ആപ്പിൾ ഇത്തരത്തിലുള്ള 'തെറ്റായ' വിവരം നൽകുന്നത്. ഐഫോൺ എക്സ് യഥാർത്ഥത്തിൽ 5.6875 ഇഞ്ചാണ് സ്ക്രീൻ വലിപ്പം. എന്നാൽ കമ്പനി 5.8 ഇഞ്ചാണ് സ്പെസിഫിക്കേഷൻ നൽകുന്നത്; പരാതിയിൽ പറയുന്നു.

5. ഇന്ത്യയുടെ സോഫ്റ്റ് വെയർ മാർക്കറ്റ് 5.7 ബില്യൺ ഡോളർ മൂല്യം കൈവരിക്കും: ഐഡിസി

ഈ വർഷം ഇന്ത്യയുടെ സോഫ്റ്റ് വെയർ മാർക്കറ്റ് 5.7 ബില്യൺ ഡോളർ മൂല്യം കൈവരിക്കുമെന്ന് ഇന്റർനാഷണൽ ഡേറ്റ കോർപറേഷന്റെ (ഐഡിസി) റിപ്പോർട്ട്. 14.1 ശതമാനം വാർഷിക വളർച്ച നേടും. നിലവിൽ ഏഷ്യ പെസഫിക്കിൽ 12.6 ശതമാനമാണ് രാജ്യത്തിൻറെ വിഹിതം.

Similar News