ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.10

Update: 2018-12-10 04:33 GMT

1. എക്സിറ്റ് പോൾ ഫലം: ഓഹരി വിപണിയിൽ ഇടിവ്

മധ്യപ്രദേശ്, ഛത്തീസ്​ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ ഇടിവ്. സെൻസെക്‌സ് 500 പോയ്‌ന്റ് ഇടിഞ്ഞു. അതേസമയം നിഫ്റ്റി 10,550 ന് താഴെയാണ് വ്യാപാരം.

എക്സിറ്റ് പോൾ പ്രകാരം ബിജെപിയും കോൺഗ്രസ്സും മധ്യപ്രദേശ്, ഛത്തീസ്​ഗഢ് എന്നിവിടങ്ങളിൽ ഒപ്പത്തിനൊപ്പമാണ്. രാജസ്ഥാനിൽ കോൺഗ്രസിനാണ് മേൽക്കൈ. മധ്യപ്രദേശ്, ഛത്തീസ്​ഗഢ്, രാജസ്ഥാൻ, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ നാളെ പ്രഖ്യാപിക്കും.

2. മല്യക്ക് ഇന്ന് നിർണായക ദിവസം

9000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന കേസിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റ്ർ കോടതി ഇന്ന് വിധി പറയും. സിബിഐ ജോയ്ന്റ് ഡയറക്ടർ എ സായ് മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം ലണ്ടനിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

3. വാൾമാർട്ട് ഇന്ത്യ സിഒഒ രാജിവെച്ചു

വാൾമാർട്ട് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഒ) ദേവേന്ദ്ര ചൗള രാജിവെച്ചു. 15 മാസത്തോളം ചൗള കമ്പനിയിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സമീർ അഗർവാൾ സിഒഒ ആയി നിയമിതനാവും എന്നാണ് സൂചന.

4. ജിഎസ്ടി റിട്ടേൺ: മാർച്ച് 31 വരെ നീട്ടി

ജിഎസ്ടി വാർഷിക റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 വരെ നീട്ടി. നേരത്തെ ഡിസംബർ 31 വരെയായിരുന്നു സമയം അനുവദിച്ചത്. ജിഎസ്ടി 9. 9എ. 9സി എന്നിവ സമർപ്പിക്കാൻ മാർച്ച് 31 വരെ മയമുണ്ടായിരിക്കുന്നതാണെന്ന് പരോക്ഷ നികുതി ബോർഡ് അറിയിച്ചു.

5. സർക്കാർ ഇനി ഇന്ത്യൻ വാഹനങ്ങൾ വാങ്ങും

സർക്കാർ ആവശ്യങ്ങൾക്കായി വാഹനം വാങ്ങുമ്പോൾ രാജ്യത്തുതന്നെ നിർമ്മിച്ചതും 65 ശതമാനമെങ്കിലും ഇന്ത്യൻ നിർമിത ഘടകങ്ങൾ ഉള്ളതുമായ വാഹങ്ങൾക്ക് മുൻഗണന നൽകും. ഈ വ്യവസ്ഥ നിർബന്ധമാക്കി ഘനവ്യവസായ മന്ത്രാലയം ഉത്തരവിറക്കി. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണിത്.

Similar News