ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 31

Update: 2019-12-31 05:00 GMT

1. പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31 വരെ സമയ പരിധി

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. ഇന്നു വരെ ആയിരുന്നു നേരത്തെ അനുവദിച്ചിരുന്നത്.

2. സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്

നിതി ആയോഗ് പുറത്തിറക്കിയ 2019-'20ലെ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്. ആരോഗ്യം, വ്യവസായ-നൂതനത്വ-അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു പോയിന്റ് വളര്‍ച്ച നേടിയാണ് (70 പോയിന്റ്) കേരളത്തിന്റെ നേട്ടം. രാജ്യത്തിന്റെ ശരാശരി വളര്‍ച്ചയിലും മൂന്നു പോയിന്റ് മുന്നേറ്റമുണ്ട് (60).

3. ചൈനീസ് കമ്പനികള്‍ക്കും 5 ജി സ്‌പെക്ട്രം നല്‍കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ്

ചൈനീസ് വാവെയ് ഉള്‍പ്പെടെയുള്ള ലോകത്തെ എല്ലാ ടെക് കമ്പനികളെയും 5 ജി സ്‌പെക്ട്രത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. എല്ലാ കമ്പനികള്‍ക്കും ട്രയലുകള്‍ക്കായി 5ജി സ്‌പെക്ട്രം നല്‍കാന്‍ സര്‍ക്കാര്‍  തത്വത്തില്‍ തീരുമാനമെടുത്തതായും മന്ത്രി പറഞ്ഞു.

4. കുതിപ്പു തുടര്‍ന്ന് ഇന്ധന വില

ഇന്ധന വില വീണ്ടും കുതിക്കുന്നു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്നു വര്‍ധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കുളളില്‍ ഡീസല്‍ വില ലിറ്ററിന് രണ്ടു രൂപ കൂടി. കൊച്ചിയില്‍ ഡീസല്‍ വില 71 രൂപ 72 പൈസയാണ്. പെട്രോള്‍ വില 77 രൂപ 22 പൈസയും.

5. എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും അവലോകനം ചെയ്യുമെന്ന് വാണിജ്യ വ്യവസായ മന്ത്രി

ആഭ്യന്തര വ്യവസായ, വ്യാണിജ്യ താല്‍പര്യം സംരക്ഷിക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി നിലവിലുള്ള എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും (എഫ് ടി എ) കേന്ദ്ര സര്‍ക്കാര്‍ അവലോകനം ചെയ്യുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ചെറുകിട വ്യാപാരികളുടെയും ക്ഷീര വ്യവസായത്തിന്റെയും താല്‍പര്യം കണക്കിലെടുത്താണ് പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ നിന്ന് പുറത്തുപോരാന്‍ ഇന്ത്യ തീരുമാനിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി..

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News