കാനഡയോട് 'മുഖംതിരിച്ച്' ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; സ്വപ്‌നഭൂമിയില്‍ നിന്ന് പെട്ടെന്നുള്ള മാറ്റത്തിന് കാരണങ്ങളേറെ

കാനഡയിലേക്ക് പോകാന്‍ തയാറെടുത്തിരുന്ന പലരും ഇപ്പോള്‍ യൂറോപ്പിലേക്ക് തങ്ങളുടെ ലക്ഷ്യം മാറ്റുകയാണ്

Update:2024-10-05 14:35 IST

Image : Canva

കോവിഡ് മഹാമാരിക്കു ശേഷം കേരളത്തില്‍ നിന്നടക്കം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കാനഡയിലേക്ക് ഉപരിപഠനത്തിനായി പോയത്. പെട്ടെന്ന് പാര്‍ട്ട്‌ടൈം ജോലി ലഭിക്കുമെന്നതിനൊപ്പം അനുകൂലമായ ഒരുപടി ഘടകങ്ങള്‍ കാനഡയിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ പെട്ടെന്നാണ് കാനഡയുടെ പ്രൗഢി നഷ്ടമായത്.

കാനഡയിലേക്ക് ആയിരക്കണക്കിന് മലയാളികള്‍ ഓരോ മാസവും പോയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് വിമാനം കയറുന്നത്. ശോഭനമായ ഭാവി പ്രതീക്ഷിച്ച് പോയിരുന്ന വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മടങ്ങിവരുന്നതും വര്‍ധിച്ചിട്ടുണ്ട്. കനേഡിയന്‍ സര്‍ക്കാരിന്റെ കുടിയേറ്റ നയംമാറ്റവും ജോലിസാധ്യത കുറഞ്ഞതും അങ്ങോട്ടുള്ള ഒഴുക്കിന് വേഗംകുറയാന്‍ കാരണമായി.

ജീവിതചെലവ് പിടിവിട്ട് ഉയരുന്നു

കാനഡയുടെ വലിയ പ്രശ്‌നങ്ങളിലൊന്ന് വാടക അടക്കമുള്ള ജീവിതചെലവ് കൂടുന്നുവെന്നതാണ്. കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ താമസസൗകര്യം ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥ സംജാതമായി. ഇത് തദ്ദേശീയരില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. വീട്ടുവാടകയ്‌ക്കൊപ്പം അവശ്യവസ്തുക്കളുടെ വില വര്‍ധിക്കുന്നതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്.

കാനഡയിലേക്ക് പോകാനുള്ള ചെലവ് വര്‍ധിച്ചതാണ് മറ്റൊരു പ്രശ്‌നം. ബാങ്ക് ലോണും വസ്തു പണയംവച്ചുമൊക്കെ കാനഡയില്‍ വിമാനം ഇറങ്ങുന്ന വിദ്യാര്‍ത്ഥിക്ക് ചെലവാക്കിയ പണംപോലും തിരിച്ച് പിടിക്കാനുള്ള അവസ്ഥയില്ല. പാര്‍ട്ട് ടൈം ജോലിയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കനേഡിയന്‍ സര്‍ക്കാര്‍ അടുത്തിടെ തീരുമാനമെടുത്തിരുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ വരുമാനത്തെ ബാധിച്ചു.

കാനഡയിലേക്ക് പോകാന്‍ തയാറെടുത്തിരുന്ന പലരും ഇപ്പോള്‍ യൂറോപ്പിലേക്ക് തങ്ങളുടെ ലക്ഷ്യം മാറ്റുകയാണ്. ജര്‍മനിയാണ് ഇപ്പോള്‍ പലരുടെയും മുന്നിലുള്ള ബദല്‍. കാനഡയ്ക്ക് പോകുന്നതിനേക്കാള്‍ പണച്ചെലവ് കുറവാണെന്നതും അവിടെ തൊഴില്‍ ലഭിക്കുമെന്നതും അനുകൂല ഘടകങ്ങളാണ്. ജര്‍മന്‍ യൂണിവേഴ്‌സിറ്റികളില്‍ പലതും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. കേരളത്തില്‍ നിന്നടക്കം ജര്‍മനിയിലേക്ക് പഠിക്കാന്‍ പോകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കാനഡയിലേക്ക് പോകാനായി വലിയ അന്വേഷണങ്ങള്‍ വന്നിരുന്നെങ്കില്‍ ഇത്തവണ ആ സ്ഥിതിക്ക് മാറ്റമുണ്ടായതായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കാനഡയില്‍ അടുത്ത വര്‍ഷങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുമെന്ന ഭീതിയും വിദ്യാര്‍ത്ഥികളെ വേറെ ഓപ്ഷനുകളിലേക്ക് ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിക്കുന്നു.
Tags:    

Similar News