കോവിഡ് പോരാട്ടം: ലോകത്തെ സഹായിക്കുന്നതിന് ഇന്ത്യക്കു 'സല്യൂട്ടു' മായി യു.എന്‍ മേധാവി

Update: 2020-04-18 11:45 GMT

കോവിഡ് 19 പകര്‍ച്ച വ്യാധിക്കെതിരായ ആഗോള പോരാട്ടത്തില്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ മാതൃകാപരമായ നേതൃത്വമാണ് ഇന്ത്യയുടേതെന്ന പ്രശംസയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

ലോകരാജ്യങ്ങള്‍ക്ക് കൊറോണ കാലത്ത് സഹായം നല്‍കിയതിന് ഇന്ത്യയെ പ്രകീര്‍ത്തിച്ച് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടെറസ്. മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ യുഎസ് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് അഭിനന്ദനത്തിനു കാരണം.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി പുനരാരംഭിക്കാനുള്ള തീരുമാനത്തിനു പുറമേ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്കു ബാധകമായിരുന്ന  പാരസെറ്റമോളിനുള്ള എല്ലാ കയറ്റുമതി നിയന്ത്രണങ്ങളും നീക്കം ചെയ്തിരുന്നു.'വൈറസിനെതിരായ പോരാട്ടത്തിന് ആഗോളതലത്തില്‍ ഐക്യദാര്‍ഢ്യം വേണം. രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ സന്നദ്ധമാകണം. ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുവര്‍ക്ക് സല്യൂട്ട് നല്‍കുന്നു' - ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജറിക് പറഞ്ഞു.

ഇന്ത്യ രണ്ട് ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളിക ഡൊമനിക്കന്‍ റിപ്പബ്ലിക്കിന് നല്‍കിയതില്‍ നന്ദി അര്‍പ്പിച്ച് യുഎന്നിലെ ഡൊമിനികന്‍ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധി ജോസ് സിംഗെര്‍ ഇന്ത്യന്‍ പ്രതിനിധി സയീദ് അക്ബറുദീന് കത്ത് നല്‍കി. അമേരിക്ക, മൗറീഷ്യസ്, സീഷെല്‍സ് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇതിനകം മരുന്നുകള്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍,മാലദ്വീപ്, ശ്രീലങ്ക,മ്യാന്മര്‍ എന്നീ രാജ്യങ്ങള്‍ക്കും സഹായം നല്‍കി. 55 രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News