ആഴ്ചയില്‍ 'മൂന്ന് ഞായര്‍'; വന്‍ തൊഴില്‍ പരിഷ്കരണങ്ങളുമായി യു.എ.ഇ
തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം
യു.എ.ഇയില്‍ പുതിയ തൊഴില്‍ പരിഷ്‌കരണങ്ങളുമായി സര്‍ക്കാര്‍. ആഴ്ചയിലെ നാല് ദിവസവും 10 മണിക്കൂര്‍ ജോലി ചെയ്യുന്ന പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശേഷിക്കുന്ന മൂന്ന് ദിവസം ഇനി അവധിയെടുക്കാം. തൊഴില്‍ അന്തരീക്ഷത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സമീപകാല മാറ്റങ്ങളെ നേരിടാനാണ് ഈ പരിഷ്‌കരണങ്ങള്‍. ഇതുവഴി തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് സര്‍ക്കരിന്റെ ശ്രമം. ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
അഞ്ച് രീതികള്‍
യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി അഞ്ച് തൊഴില്‍ രീതികളാണ് കൊണ്ടു വന്നിരിക്കുന്നത്. അതില്‍ ഒന്നാമത്തേത് ഓഫീസില്‍ വന്ന് ജോലി ചെയ്യുന്ന രീതിയാണ്. അതായത് ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളില്‍ ജീവനക്കാരന്‍ ഓഫീസില്‍ വന്ന് ജോലി ചെയ്യണം. രണ്ട് യു.എ.ഇ രാജ്യത്തിനകത്ത് നിന്നുകൊണ്ട് തന്നെ ഓഫീസില്‍ എത്താതെ ജോലി പൂര്‍ത്തിയാക്കാം. മൂന്ന് രാജ്യത്തിന് പുറത്ത് നിന്നുകൊണ്ട് ജോലി ചെയ്യാനാകുന്ന സംവിധാനമാണ്.
നാലാമത്തേത് ആഴ്ചയില്‍ 4 പ്രവൃത്തി ദിവസങ്ങളിലും പരമാവധി 10 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന 'കംപ്രസ്ഡ് വര്‍ക്കിംഗ്' രീതിയും. അഞ്ചാമത്തേത് ഹൈബ്രിഡ് വര്‍ക്ക് എന്ന് രീതിയാണ്. ഹൈബ്രിഡ് വര്‍ക്ക് മോഡലിന് കീഴില്‍ ജീവനക്കാരന്‍ ജോലിയുടെ ഒരു ഭാഗം ഓഫീസില്‍ വന്നും മറ്റൊരു ഭാഗം ഓഫീസിനു പുറത്തും ചെയ്യേണ്ടി വരും.
നാല് തരം തൊഴില്‍
പുതിയ നിയമമനുസരിച്ച് മുഴുവന്‍ സമയ ജോലി, പാര്‍ട്ട് ടൈം ജോലി, താല്‍ക്കാലിക ജോലി, ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് എന്നിങ്ങനെ നാല് തരം തൊഴിലുകളാണ് ഉള്ളത്. പാര്‍ട്ട് ടൈം ജോലികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് ഈ വിഭാഗത്തിന് കീഴിലുള്ള ജീവനക്കാര്‍ ആഴ്ചയില്‍ കുറഞ്ഞത് 8 മണിക്കൂറും പരമാവധി 32 മണിക്കൂറും ജോലി ചെയ്യണം.